
സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.
കാരാപ്പുഴ റിസർവോയറിന് സമീപം മൂങ്ങാനിയിലുള്ള വീട്ടിൽനിന്നാണ് എക്‌സൈസ് സംഘം വൻതോതിൽ മദ്യശേഖരം കണ്ടെത്തിയത്. അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു ബുധനാഴ്ച റെയ്ഡ്.
67 ലിറ്ററിലധികം മദ്യമാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഇതിൽ 43 ലിറ്റർ വിദേശമദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി മദ്യം എന്നിവ ഉൾപ്പെടുന്നു. വ്യാജമദ്യം സൂക്ഷിച്ചെന്ന ആരോപണവും കേസിലുണ്ട്.
മദ്യശേഖരം കണ്ടെത്തിയ വീട് ആന്റോ അഗസ്റ്റിന്റെ പേരിലുള്ളതല്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ വീട് സംബന്ധിച്ച് പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കി. തുടർന്ന് അബ്കാരി നിയമത്തിലെ 55(ഐ), 55(എ), 58 എന്നീ വകുപ്പുകൾ പ്രകാരം ആന്റോയ്ക്കെതിരെ കേസെടുത്തു.
കൊച്ചിയിലായിരുന്ന ആന്റോയെ എക്‌സൈസ് സംഘം പുലർച്ചെയോടെ വയനാട്ടിലെത്തിച്ചിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെയും എക്‌സൈസ് നിയോഗിച്ചു.
എക്‌സൈസ് ജോയിന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എന്നിവരടങ്ങിയ സംഘം ആന്റോയെ വിശദമായി ചോദ്യം ചെയ്തു. വൈകിട്ട് നാലരയോടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്നാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.










