
കൽപറ്റ: നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ വീട് നിർമ്മിച്ചിരിക്കുന്നത് ചട്ടവിരുദ്ധമായെന്ന് റിപ്പോർട്ട്. ആന്റോയുടെ വാഴവറ്റയിലെ വീടിന്റെ നിർമാണത്തിൽ ചട്ടലംഘനം നടന്നതായാണ് എക്സൈസ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാതെയാണ് ഈ കെട്ടിടം നിർമിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം.
വീടിന്റെ കെട്ടിടവിഭാഗം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള അനുമതിക്കായി 2022ൽ ആന്റോ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഥലപരിശോധന നടത്തിയ ഉദ്യോഗസ്ഥർ കെട്ടിടത്തിൽ അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് 2022 മാർച്ച് 28ന് നോട്ടിസ് നൽകുകയായിരുന്നു.
തുടർന്ന് അനധികൃത നിർമാണം ക്രമവൽക്കരിക്കണമെന്നാവശ്യപ്പെട്ട് ആന്റോ നൽകിയ അപേക്ഷ പഞ്ചായത്ത് സെക്രട്ടറി നിരസിച്ചു. ഇതിന് പിന്നാലെ നിർമാണം തുടരരുതെന്ന് നിർദേശിച്ച് സ്റ്റോപ് മെമ്മോയും നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘം തലവനായ അസി. എക്സൈസ് കമ്മിഷണർ ആർ.എൻ. ബൈജു തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
വാഴവറ്റ ഉൾപ്പെടുന്ന മുട്ടിൽ പഞ്ചായത്തിൽ കെട്ടിടങ്ങൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന പരമാവധി ഉയരം മൂന്ന് നിലയും 10 മീറ്ററുമാണ്. എന്നാൽ പഞ്ചായത്തിൽ സമർപ്പിച്ച പ്ലാൻ പരിശോധിച്ചപ്പോൾ ആന്റോയുടെ വീടിന് നാല് നിലകളുണ്ടെന്നും കെട്ടിടത്തിന്റെ ഉയരം 10 മീറ്ററിൽ കൂടുതലാണെന്നും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമാണത്തിൽ ചട്ടലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയതെന്നും അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.










