
കൽപ്പറ്റ: അനധികൃതമായി അനുവദനീയമായതിലും അധികം മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി. ജാമ്യം തേടി സമർപ്പിച്ച അപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എക്സൈസ് നീക്കം.
കസ്റ്റഡി ആവശ്യപ്പെട്ട് എക്സൈസ് ഇന്ന് ബത്തേരി കോടതിയിൽ അപേക്ഷ നൽകും. 14 ദിവസത്തേക്കാണ് നേരത്തെ കോടതി ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തത്.
വയനാട്ടിലെ വാഴവറ്റയിലുള്ള കുടുംബവീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം കണ്ടെത്തിയെന്നാണ് എക്സൈസിന്റെ റിപ്പോർട്ട്. ഇതിൽ 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും ഉൾപ്പെടുന്നു. പിടിച്ചെടുത്തതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് ആരോപിക്കുന്നു.
മെസ്സിയുടെ പേരിൽ നടത്തിയെന്നു പറയുന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് വീട്ടിൽനിന്ന് മദ്യശേഖരം കണ്ടെത്തിയത്. അബ്കാരി നിയമപ്രകാരം ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാവുന്ന മദ്യത്തിന്റെ പരിധി മൂന്ന് ലിറ്ററാണെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. അതിൽ കൂടുതലായി മദ്യം സൂക്ഷിച്ച സാഹചര്യത്തിലാണ് നടപടി.
സ്വകാര്യ ആവശ്യത്തിനാണ് കൂടുതൽ മദ്യം സൂക്ഷിച്ചതെങ്കിൽ വീട്ടിൽ സ്ഥിരതാമസക്കാരായ മുതിർന്നവരുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയമപരമായി തെളിയിക്കേണ്ടതുണ്ട്. 12 മുതിർന്ന വ്യക്തികൾ വീട്ടിൽ സ്ഥിരതാമസക്കാരാണെന്ന് തെളിയിച്ചാൽ മാത്രമേ ഇത്രയും അളവിൽ മദ്യം സൂക്ഷിക്കുന്നതിന് നിയമപരമായ സാഹചര്യമുണ്ടാകൂവെന്നാണ് എക്സൈസ് നിലപാട്. ഇക്കാര്യം തെളിയിക്കാൻ ആന്റോയ്ക്ക് കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം പറയുന്നു.
മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് തെളിഞ്ഞാൽ കേസ് കൂടുതൽ ഗുരുതരമാകുമെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. മദ്യം എത്തിച്ചതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58 വകുപ്പുകൾ പ്രകാരമാണ് ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യത്തിന്റെ ഉറവിടം, വീട്ടിലെത്തിച്ച സാഹചര്യം, ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുകൾ എന്നിവയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിൽ പരിശോധിക്കാനാണ് എക്സൈസിന്റെ നീക്കം.










