
കൊച്ചി: അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം. സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇടക്കാല ജാമ്യം അനുവദിക്കാനാകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് നടന്ന വാദത്തിനിടെ പ്രതിഭാഗവും പ്രോസിക്യൂഷനും തങ്ങളുടെ നിലപാടുകൾ കോടതിയെ അറിയിച്ചു. ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ സാധാരണയായി ജാമ്യം അനുവദിക്കുന്ന സാഹചര്യം, ആന്റോ അഗസ്റ്റിനെതിരെ മുൻകാല കേസുകളില്ലെന്ന വസ്തുത തുടങ്ങിയ കാര്യങ്ങൾ കോടതി പരിഗണിച്ചതായാണ് വിവരം. ജാമ്യവ്യവസ്ഥകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കോടതി ഉത്തരവ് പുറത്തുവന്നാലേ വ്യക്തമാകൂ.
മദ്യം പിടികൂടിയ കെട്ടിടവുമായി തനിക്ക് നിലവിൽ യാതൊരു ബന്ധവുമില്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ പ്രധാന വാദം. 2022ൽ ബാങ്കിന്റെ ജപ്തി നടപടികളിലൂടെ കെട്ടിടം മറ്റൊരാൾക്ക് വിറ്റതാണെന്നും കഴിഞ്ഞ നാല് വർഷമായി വീടിന്റെ കൈവശാവകാശമോ ഉടമസ്ഥതയോ തനിക്കില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ 2026 മാർച്ചിലും കെട്ടിടത്തിന്റെ നികുതി ആന്റോ അഗസ്റ്റിന്റെ പേരിലാണ് അടച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പിടികൂടിയ വലിയ അളവിലുള്ള വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.
അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ് പുറത്തുവരുന്നത്. വയനാട് വാഴവറ്റയിലെ ആന്റോ അഗസ്റ്റിന്റെ തറവാട് വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് വൻതോതിൽ മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് വിവരം എക്സൈസിനെ അറിയിക്കുകയും സംഘം കേസ് രജിസ്റ്റർ ചെയ്ത് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പരിശോധനയിൽ 43 ലീറ്ററിലധികം വിദേശ നിർമിത വിദേശമദ്യം, ഏകദേശം 4.8 ലീറ്റർ വിദേശനിർമിത വൈൻ, 5.5 ലീറ്റർ കേരള നിർമിത വൈൻ, 860 മില്ലിലീറ്റർ മിലിട്ടറി മദ്യം എന്നിവയുൾപ്പെടെ ഏകദേശം 67 ലീറ്റർ മദ്യവും വൈനും പിടിച്ചെടുത്തതായി എക്സൈസ് വ്യക്തമാക്കിയിരുന്നു.
അബ്കാരി ആക്ടിലെ 55(ഐ), 55(എ), 58 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതി പുറപ്പെടുവിക്കുന്ന വിശദമായ ഉത്തരവിൽ ജാമ്യവ്യവസ്ഥകളും കോടതി പരിഗണിച്ച മറ്റ് കാര്യങ്ങളും വ്യക്തമാകും.










