
കൊച്ചി:മന്ത്രവാദം, ആഭിചാരം തുടങ്ങിയ അന്ധവിശ്വാസങ്ങളെ തടയുന്നതിനുള്ള നിയമം നിർമ്മിക്കാൻ നാലാഴ്ചയ്ക്കുള്ളിൽ പ്രാഥമിക നടപടികൾ ആരംഭിക്കണമെന്ന് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കേരള യുക്തിവാദി സംഘം നൽകിയ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഈ നിർണായക ഉത്തരവ്.
സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം:
കർണാടകയിലും മഹാരാഷ്ട്രയിലും നിലവിലുള്ള നിയമങ്ങളുടെ മാതൃകയിൽ ഒരു പുതിയ അന്ധവിശ്വാസ വിരുദ്ധ നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു.
ഇലന്തൂർ ഇരട്ടനരബലി കേസിനെ തുടർന്ന് മുമ്പ് പരിഗണിച്ച 'കേരള പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഒഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക്മാജിക് ബിൽ' നിയമപരവും ഭരണഘടനാപരവുമായ തടസ്സങ്ങൾ കാരണം മന്ത്രിസഭ മാറ്റിവച്ചിരുന്നു.
പുതിയ നിയമനിർമ്മാണത്തിനായി സാമൂഹികനീതി, പോലീസ്, ആരോഗ്യവകുപ്പുകൾ, അഡ്വക്കേറ്റ് ജനറൽ എന്നിവരുമായി കൂടിയാലോചനകൾ നടക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഭിചാരവുമായി ബന്ധപ്പെട്ട് 38 കേസുകൾ വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഒക്ടോബർ 7-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കണം.











