01:21am 11 July 2026
NEWS
പത്തനംതിട്ടയിൽ ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി പിടിയിൽ
30/06/2026  12:32 PM IST
nila
പത്തനംതിട്ടയിൽ ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി പിടിയിൽ

പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ കൈവശം നിന്ന് 1.590 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ സ്വദേശി ഷർഫിൻ സെബാസ്റ്റ്യൻ (25) ആണ് ജില്ലാ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഷർഫിനെ നിരീക്ഷിച്ചുവരികയായിരുന്ന ഡാൻസാഫ് സംഘം ഞായറാഴ്ച ഉച്ചയോടെയാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ പുസ്തകങ്ങൾക്കിടയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

പരിശോധനയിൽ 'ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ' എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റാണെന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും പൊലീസ് കണ്ടെടുത്തു.

തുടർന്ന് പ്രതിയെ പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തപ്പോഴാണ് ഇയാൾക്കെതിരെ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ വിവരങ്ങൾ പുറത്തുവന്നത്. എറണാകുളം പാലാരിവട്ടം, ടൗൺ പൊലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസുകളിലും കോയിപ്രം പൊലീസ് സ്റ്റേഷനിൽ സ്ത്രീകളെ ആക്രമിച്ചതുൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അറസ്റ്റിലായ ഷർഫിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img