07:46am 25 September 2026
NEWS
ദുർമന്ത്രവാദവും ആഭിചാരവും ഗുരുതര കുറ്റം; 22 കുറ്റങ്ങൾ, ജീവപര്യന്തം വരെ ശിക്ഷ
25/09/2026  06:50 AM IST
nila
ദുർമന്ത്രവാദവും ആഭിചാരവും ഗുരുതര കുറ്റം; 22 കുറ്റങ്ങൾ, ജീവപര്യന്തം വരെ ശിക്ഷ

തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാരവും ഉൾപ്പെടെയുള്ള അന്ധവിശ്വാസ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ കേരളം. ഇത്തരം പ്രവൃത്തികൾ തടയുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് സമർപ്പിച്ചു. 22 തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ബില്ലിൽ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ജീവപര്യന്തം വരെ തടവ് ശിക്ഷയാണ് നിർദേശിച്ചിരിക്കുന്നത്.

നിലവിലുള്ള ഭാരതീയ ന്യായ സംഹിതയിലെ ശിക്ഷകൾക്ക് പുറമെയായിരിക്കും പുതിയ നിയമപ്രകാരമുള്ള ശിക്ഷയും ലഭിക്കുക. നരബലി ഉൾപ്പെടെയുള്ള അതീവ ഗുരുതര കുറ്റങ്ങൾ മുതൽ അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണവും ഭീഷണിയും വരെ നിയമത്തിന്റെ പരിധിയിൽ വരും.

ഇലന്തൂർ നരബലിക്ക് പിന്നാലെ നിയമനീക്കം

പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലി കേസിന് പിന്നാലെയാണ് നിയമനിർമാണ നടപടികൾ ശക്തമായത്. കേരള യുക്തിവാദി സംഘം നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് വിദഗ്ധസമിതി രൂപീകരിച്ചത്.

നിയമപരിഷ്കരണ കമ്മിഷൻ ഉപാധ്യക്ഷനും മുൻ നിയമ സെക്രട്ടറിയുമായ കെ. ശശിധരൻ നായരും മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസുമാണ് സമിതിയിലെ അംഗങ്ങൾ.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ സംരക്ഷണങ്ങൾ നിലനിർത്തിക്കൊണ്ടാണ് ‘ദുർമന്ത്രവാദവും ആഭിചാരവും മനുഷ്യത്വവിരുദ്ധ ദുഷ്പ്രവർത്തനങ്ങളും തടയൽ ബിൽ’ തയ്യാറാക്കിയതെന്ന് സമിതി വ്യക്തമാക്കി.

നരബലിക്ക് ജീവപര്യന്തം

നരബലി, ജീവനോടെ സംസ്കരിക്കൽ, മരണത്തിന് കാരണമാകുന്ന മറ്റ് പ്രവൃത്തികൾ എന്നിവയാണ് ഏറ്റവും ഗുരുതര കുറ്റങ്ങളായി കണക്കാക്കുന്നത്. ഇവയ്ക്ക് ജീവപര്യന്തം തടവ് വരെ ശിക്ഷ നിർദേശിച്ചിട്ടുണ്ട്.

മാരകമായി പരിക്കേൽപ്പിക്കൽ, അംഗഭംഗം വരുത്തൽ, ആഭിചാരത്തിന്റെ പേരിലുള്ള ലൈംഗികാതിക്രമം, ബലാത്സംഗം, ജീവന് അപകടമുണ്ടാക്കുന്ന വസ്തുക്കൾ നിർബന്ധിച്ച് കഴിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും പിഴയും ലഭിക്കും.

‘ബാധ ഒഴിപ്പിക്കൽ’ എന്ന പേരിൽ മർദിക്കൽ, ലഹരി വസ്തുക്കൾ നൽകൽ, വിസർജ്യം ഉപയോഗിക്കൽ, സ്ത്രീകളെ അധിക്ഷേപിക്കൽ, പണവും ആഭരണങ്ങളും തട്ടിയെടുക്കൽ, ഗുരുതര രോഗങ്ങൾക്ക് ചികിത്സ നിഷേധിക്കൽ, ഗർഭച്ഛിദ്രം നടത്തൽ, അതീന്ദ്രിയ ശക്തികളുടെ പേരിൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ പ്രവൃത്തികൾക്ക് ഏഴ് വർഷം വരെ തടവും പിഴയും നിർദേശിച്ചിട്ടുണ്ട്.

ഓൺലൈൻ പ്രചാരണത്തിനും പിടിവീഴും

ദുർമന്ത്രവാദമോ ആഭിചാരമോ നടത്താൻ അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെടുന്നവരെ ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിപ്പിക്കുന്നതും കുറ്റകരമാക്കും.

ഇത്തരം പ്രചാരണങ്ങൾക്ക് മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്.

എല്ലാ ജില്ലകളിലും പ്രത്യേക സംഘം

ദുർമന്ത്രവാദവും ആഭിചാരവും ഉൾപ്പെടെയുള്ള കേസുകൾ അന്വേഷിക്കാൻ ഓരോ ജില്ലയിലും ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാണ് മറ്റൊരു പ്രധാന നിർദേശം.

കേസുകളുടെ അന്വേഷണം സംസ്ഥാനതലത്തിൽ നിരീക്ഷിക്കുന്നതിനായി എ.ഡി.ജി.പിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അംഗങ്ങളായ സംസ്ഥാനതല നിരീക്ഷണ സമിതിയും രൂപീകരിക്കണമെന്നും വിദഗ്ധസമിതി ശുപാർശ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img