05:13am 03 June 2026
NEWS
ടിനി ടോമിനെതിരെ പുതിയ ആരോപണങ്ങൾ; അൻസിബ ഹസൻ പൊലീസിൽ പരാതി നൽകി
02/06/2026  07:38 AM IST
nila
ടിനി ടോമിനെതിരെ പുതിയ ആരോപണങ്ങൾ; അൻസിബ ഹസൻ പൊലീസിൽ പരാതി നൽകി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾക്കിടെ നടൻ ടിനി ടോമിനെതിരെ പുതിയ പരാതിയുമായി നടി അൻസിബ ഹസൻ. കൊച്ചി ഇൻഫോപാർക്ക് പോലീസിൽ നൽകിയ പരാതിയിൽ, തനിക്കെതിരെ ടിനി ടോം തുടർച്ചയായി സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നുവെന്നാണ് അൻസിബ ആരോപിക്കുന്നത്. തന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് വേട്ടയാടുന്നതായും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനി ടോമിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചെന്ന അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സംഭവം നടന്ന ദിവസം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴി രേഖപ്പെടുത്തും. നടി ലക്ഷ്മിപ്രിയയുടെ ഭർത്താവിനോടും മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സിനിമാ മേഖലയിലെ വിവിധ വിഷയങ്ങളും ‘അമ്മ’യിലെ തർക്കവും ചർച്ച ചെയ്യുന്നതിനായി സിനിമാ-സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് ഇന്ന് സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വൈകിട്ട് നാല് മണിക്കാണ് യോഗം. ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ചർച്ചയിൽ അഭിനേതാക്കൾ, നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, സാങ്കേതിക പ്രവർത്തകർ എന്നിവരുടെ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.

സിനിമാ മേഖലയെ ബാധിക്കുന്ന വിഷയങ്ങൾക്കൊപ്പം ‘അമ്മ’യിലെ വിവാദത്തിൽ സർക്കാരിന്റെ തുടർനിലപാടും യോഗത്തിന് ശേഷം കൂടുതൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img