
ബംഗളുരു നഗരം കൈവരിക്കുന്നത് അതിദ്രുത വികസനമാണ്. ജനസംഖ്യ ഒന്നരക്കോടിയിൽ എത്തിനിൽക്കുന്നു. ഗതാഗതക്കുരുക്ക് നഗരത്തിന്റെ ശാപമായി തുടരുകയാണ്. ഔട്ടർ റിങ് റോഡ്, തുരങ്കപാത എന്നിവ പരിഗണനയിലുണ്ടെങ്കിലും അതിന്റെ നിർമ്മാണജോലികൾ എന്ന് പൂർത്തിയാകുമെന്ന് പറയാനാവില്ല. കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുതിച്ചുയരുന്നു. ജി ബി എ(ഗ്രേറ്റർ ബംഗളുരു അതോറിറ്റി) രൂപീകരിച്ച് നിലവിലെ ബിബി എം പി പിരിച്ചുവിട്ട് പുതിയഭാഗങ്ങൾ കൂട്ടിച്ചേർത്ത് അഞ്ചു നഗരസഭകൾക്ക് രൂപം നൽകിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് ഒരു പോലീസ് കമ്മീഷണർ ഓഫീസുകൂടി വേണമെന്ന ആവശ്യം നിയമനിർമ്മാണ സഭയിൽ ഉയർന്നത്. കെ ഗോവിന്ദരാജുവാണ് ആ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് ചലവഡി നാരായണസ്വാമിയും രണ്ടു പോലീസ് കമ്മീഷണറേറ്റുകൾ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ആദ്യഘട്ടത്തിൽ നിലപാടെടുത്ത ആഭ്യന്തരമന്ത്രി പരമേശ്വര, കൂടുതൽ അംഗങ്ങൾ ആ ആവശ്യത്തെ പിന്താങ്ങിയപ്പോൾ പരിഗണിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. മുംബൈയിലും ഡൽഹിയിലും രണ്ട് പോലീസ് കമ്മീഷണറേറ്റുകളുണ്ട്. അവയുടെ പ്രവർത്തനം പഠിക്കാൻ വിദഗ്ദ്ധസമിതിയെ അയക്കും. പ്രായോഗികമാണെന്ന് കണ്ടാൽ ബംഗളുരുവിലും പുതിയൊരു കമ്മീഷണർ ഓഫിസുകൂടി സ്ഥാപിക്കും. നിലവിൽ മഹാത്മാ റോഡിന് സമീപം ഇൻഫെന്ററി റോഡിലാണ് സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് സ്ഥിതിചെയ്യുന്നത്. 1963 ൽ സ്ഥാപിച്ച ഈ കമ്മീഷണർ ഓഫീസ് കെട്ടിടത്തിൽ പിന്നീട് പലഘട്ടങ്ങളിലായി കൂട്ടിച്ചേക്കലുകൾ നടന്നിട്ടുണ്ട്. നിലവിൽ കമ്മീഷണറുടെ കീഴിൽ ട്രാഫിക്, മറ്റുവിഭാഗങ്ങൾക്കായുള്ളവ ഉൾപ്പെടെ 186 പോലീസ് സ്റ്റേഷനുകളുണ്ട്.
Photo Courtesy - Google











