06:29pm 24 June 2026
NEWS
ഹരിത കർമസേനയുടെ സത്യസന്ധതയ്ക്ക് മറ്റൊരു പൊൻതൂവൽ.
24/06/2026  04:24 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഹരിത കർമസേനയുടെ സത്യസന്ധതയ്ക്ക് മറ്റൊരു പൊൻതൂവൽ

 

ഹരിത കർമസേന പ്രവർത്തക കണ്ടെത്തിയ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് കൈമാറി

 വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെ ലഭിച്ച സ്വർണാഭരണങ്ങൾ ഹരിത കർമസേന പ്രവർത്തകയുടെ സത്യസന്ധ ഇടപെടലിലൂടെ ഉടമയ്ക്ക് തിരിച്ചുകിട്ടി.

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലെ കരുണ കുടുംബശ്രീ അംഗവും 26 വർഷമായി കുടുംബശ്രീ അംഗവും നാല് വർഷമായി ഹരിത കർമസേന പ്രവർത്തകയുമായ ലിസി സതീശൻ (54) ജൂൺ 13-ന് കിഴക്കമ്പലത്തെ എം.സി.എഫ് കേന്ദ്രത്തിൽ മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് ഏകദേശം രണ്ട് പവൻ തൂക്കം വരുന്ന രണ്ട് സ്വർണവളകളും ഒരു സ്വർണമോതിരവും കണ്ടെത്തിയത്.

ആഭരണങ്ങൾ ലഭിച്ച ഉടൻ ബന്ധപ്പെട്ടവരെ വിവരം അറിയിച്ച ലിസി സതീശൻ, അവ യഥാർത്ഥ സ്വർണാഭരണങ്ങളാണെന്ന് ഉറപ്പുവരുത്തിയ ശേഷം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജിയെ ഏൽപ്പിച്ചു. 
തുടർന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച വാർഡുകളിൽ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന പറാട്ട് അനസ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയിച്ചു.

ഉടമസ്ഥാവകാശം സ്ഥിരീകരിച്ച ശേഷം സംഭവം കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ജൂൺ 23-ന് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പൊലീസ് സാന്നിധ്യത്തിൽ ലിസി സതീശൻ ആഭരണങ്ങൾ ഉടമയായ പറാട്ട് അനസിന് കൈമാറി.

ആഭരണങ്ങൾ കൈമാറുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി, വൈസ് പ്രസിഡന്റ് പ്രസീല എൽദോ, അസിസ്റ്റന്റ് സെക്രട്ടറി സിബി, ഹരിത കർമസേന ഭാരവാഹികളായ രജനി തിലകൻ, മിനിമോൾ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img