07:32am 12 November 2026
NEWS
പള്ളിയിലെത്തിയ പതിമൂന്നുകാരനെയും ലൈം​ഗിക പീഡനത്തിനിരയാക്കി; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പുരോഹിതനെതിരെ വീണ്ടും കേസ്
12/11/2026  07:21 AM IST
nila
പള്ളിയിലെത്തിയ പതിമൂന്നുകാരനെയും ലൈം​ഗിക പീഡനത്തിനിരയാക്കി; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പുരോഹിതനെതിരെ വീണ്ടും കേസ്

മംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച പുരോഹിതനെതിരെ വീണ്ടും പരാതി. മംഗളൂരുവിലെ വലൻഷ്യ സെയിന്റ് വിൻസന്റ് ഫെറാർ പള്ളിയിലെ മുൻ വികാരി ഫാ. സൈപ്രിയാൻ പിന്റോയ്ക്കെതിരേയാണ് രണ്ടാമത്തെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. മറ്റൊരു കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് വനിതാ പോലീസ് പുതിയ കേസെടുത്തത്.

ഉള്ളാൾ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വികാരിയായിരുന്ന സമയത്ത് പ്രാർഥനയ്ക്കെത്തിയ 13 വയസ്സുകാരനെ പീഡിപ്പിച്ചെന്നാണ് പുതിയ പരാതിയിലെ ആരോപണം. ഞായറാഴ്ച പ്രാർഥനയ്ക്കെത്തിയ കുട്ടിയെ പുരോഹിതൻ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് രക്ഷിതാക്കൾ പോലീസിനെ അറിയിച്ചത്.

നേരത്തെ 14 വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒക്ടോബർ 18-നാണ് ഫാ. പിന്റോ അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കൾ മംഗളൂരു സൗത്ത് പോലീസിൽ നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. തുടർന്ന് ജയിലിലായിരുന്ന 65-കാരന് ഒക്ടോബർ 30-ന് മംഗളൂരു അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ഉപാധികളോടെയുള്ള ജാമ്യം.

ആദ്യ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മറ്റൊരു കുട്ടിയുടെ പരാതിയും പുറത്തുവന്നതോടെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായി. സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള കൂടുതൽ കുട്ടികൾ പരാതിയുമായി മുന്നോട്ടുവരാനുള്ള സാധ്യതയുണ്ടെന്ന് ബാലാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പുതിയ പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ രവീഷ് നായിക്കിനെ ചുമതലപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img