09:08pm 28 October 2026
NEWS
ഇന്ന് വലയ സൂര്യഗ്രഹണം: ആകാശത്ത് തെളിയുന്ന അഗ്നിവളയം എങ്ങനെ ഉണ്ടാകുന്നു?
17/02/2026  06:54 AM IST
nila
ഇന്ന് വലയ സൂര്യഗ്രഹണം: ആകാശത്ത് തെളിയുന്ന അഗ്നിവളയം എങ്ങനെ ഉണ്ടാകുന്നു?

ആകാശ നിരീക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഇന്ന് വലയ സൂര്യഗ്രഹണം. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണമാണ് ഇന്ന് ദൃശ്യമാകുക. ഗ്രഹണ സമയത്ത് ചന്ദ്രന് സൂര്യനെ പൂർണമായി മറയ്ക്കാൻ കഴിയാത്തതിനാൽ, സൂര്യന്റെ അരികുകൾ തീപ്പൊള്ളുന്ന ഒരു വളയം പോലെ ദൃശ്യമാകും. ഇതിനെയാണ് വലയ ​ഗ്രഹണം എന്ന് വിളിക്കുന്നത്. 

ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.26ന് ഗ്രഹണം ആരംഭിക്കും. 4 മണിക്കൂർ 31 മിനിറ്റ് നീളുന്ന പ്രതിഭാസം രാത്രി 7.57ന് അവസാനിക്കും.
പൂർണതാ ഘട്ടം 2 മിനിറ്റ് 20 സെക്കൻഡ് മാത്രമായിരിക്കും. ഈ സമയത്ത് സൂര്യന്റെ കേന്ദ്രഭാഗത്തിന്റെ 96 ശതമാനം വരെ ചന്ദ്രൻ മറയ്ക്കും.

അതേസമയം, ഇന്നത്തെ ​ഗ്രഹണം ഇന്ത്യയിൽ നിന്ന് നേരിട്ട് കാണാൻ കഴിയില്ല. അന്റാർട്ടിക്ക, തെക്കൻ അർജന്റീന, ചിലി, ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങൾ, സമീപ സമുദ്ര മേഖലകൾ എന്നിവിടങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. എന്നാൽ, ലൈവ് സ്ട്രീമിങ് വഴി ഓൺലൈനിൽ ഗ്രഹണം കാണാൻ സാധിക്കും.

ഗ്രഹണം എന്നത് എന്താണ്?

ഭൂമിയും സൂര്യനും ചന്ദ്രനും നിരന്തരം പരിക്രമണം ചെയ്യുകയാണ്. ഈ സഞ്ചാരത്തിനിടെ ഇവ മൂന്നും ഒരേ നേർരേഖയിൽ വരുമ്പോൾ, ഒരു ആകാശഗോളം മറ്റൊന്നിനെ മറയ്ക്കുന്ന പ്രതിഭാസമാണ് ഗ്രഹണം.

ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ എത്തുമ്പോൾ സൂര്യഗ്രഹണം

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ചന്ദ്രഗ്രഹണം

ഇതെല്ലാം ഭൂമിയിൽ നിന്നുള്ള നമ്മുടെ കാഴ്ചപ്പാടിലാണ് അനുഭവപ്പെടുന്നത്.

വലുപ്പം യഥാർത്ഥമല്ല, കാഴ്ചയുടെ തോന്നലാണ്

ഒരു വസ്തുവിന്റെ വലുപ്പം നമുക്ക് തോന്നുന്നത് അതിന്റെ യഥാർത്ഥ വലുപ്പത്തേക്കാൾ, അത് നമ്മിൽ നിന്ന് എത്ര ദൂരെയാണെന്നതിനെ ആശ്രയിച്ചാണ്. ഉദാഹരണത്തിന്, ചന്ദ്രന്റെ വ്യാസം ഏകദേശം 3,474 കിലോമീറ്റർ മാത്രമാണെങ്കിലും, ഭൂമിയിൽ നിന്ന് 3.84 ലക്ഷം കിലോമീറ്റർ അകലെയായതിനാൽ അത് നമുക്ക് ചെറുതായി തോന്നുന്നു.

അതേസമയം, സൂര്യൻ ഏകദേശം 14 ലക്ഷം കിലോമീറ്റർ വ്യാസമുള്ള ഭീമാകാരമായ ഒരു ഗോളമാണ്. പക്ഷേ ഭൂമിയിൽ നിന്ന് 15 കോടി കിലോമീറ്റർ അകലെയായതിനാൽ, സൂര്യനും നമുക്ക് ചെറിയ വസ്തുവായി തോന്നുന്നു. ഇതുകൊണ്ടാണ് നേർരേഖയിൽ വരുമ്പോൾ, വലുപ്പത്തിൽ ചെറുതായിട്ടും ചന്ദ്രന് സൂര്യനെ മറയ്ക്കാൻ കഴിയുന്നത്.

എല്ലായ്പ്പോഴും പൂർണ ഗ്രഹണം സംഭവിക്കാത്തത് എന്തുകൊണ്ട്?

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതും ഭൂമി സൂര്യനെ ചുറ്റുന്നതും ദീർഘവൃത്താകാര പാതയിലൂടെയാണ്. അതിനാൽ ചില സമയങ്ങളിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് കൂടുതൽ അകലെയായിരിക്കും. അപ്പോൾ ചന്ദ്രൻ നമുക്ക് സാധാരണത്തേക്കാൾ ചെറുതായി തോന്നും.

ഇത്തരമൊരു സാഹചര്യത്തിൽ സൂര്യഗ്രഹണം സംഭവിക്കുമ്പോൾ, സൂര്യനെ പൂർണമായി മറയ്ക്കാൻ ആവശ്യമായ ആപേക്ഷിക വലുപ്പം ചന്ദ്രന് ലഭിക്കില്ല. ഫലമായി, ചന്ദ്രൻ മറയ്ക്കാതെ ശേഷിക്കുന്ന സൂര്യന്റെ പുറംഭാഗം തെളിഞ്ഞ ഒരു വളയം പോലെ കാണപ്പെടും. ഇതാണ് വലയ സൂര്യഗ്രഹണം.

വലയ സൂര്യഗ്രഹണ സമയത്ത് സൂര്യൻ ഒരു “അഗ്നിവളയം” പോലെ ആകാശത്ത് തെളിയുന്നത് അപൂർവവും മനോഹരവുമായ കാഴ്ചയാണ്. എന്നാൽ ഇത് നേരിട്ട് കാണുന്നത് കണ്ണുകൾക്ക് അപകടകരമാണ്. അതിനാൽ പ്രത്യേക സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ സൂര്യനെ നോക്കരുത്.

കേരളത്തിൽ വലയ സൂര്യഗ്രഹണം

ഈ നൂറ്റാണ്ടിൽ കേരളത്തിൽ മൂന്ന് വലയ സൂര്യഗ്രഹണങ്ങൾ മാത്രമാണ് സംഭവിക്കുന്നത്.

2010 ജനുവരി 15

2019 ഡിസംബർ 26

അടുത്തതും അവസാനത്തേതും: 2031 മേയ് 21

2031-ൽ മധ്യകേരളത്തിൽ, പ്രത്യേകിച്ച് കോട്ടയം കേന്ദ്രമാക്കി, സൂര്യൻ അഗ്നിവളയമായി ദൃശ്യമാകുമെന്നാണ് കണക്കാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img