
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും പുറത്തിറക്കി. സർക്കാരിന്റെ നാലാം വർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ടത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. ദേശീയപാത വികസനം പ്രധാനനേട്ടമായി ഉയർത്തിക്കാട്ടിയാണ് പ്രോഗ്രസ് റിപ്പോർട്ട്.
എൽഡിഎഫ് പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങൾ എടുത്തുകാട്ടിയാണ് പ്രേഗ്രസ് റിപ്പോർട്ട്, പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ നിർവഹണ പുരോഗതി വിലയിരുത്തുകയാണ് ചെയ്തിരിക്കുന്നത്. പ്രകടനപത്രികയിൽ പറയാതെ നടപ്പാക്കിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. കേരളത്തിലെ ദേശീയപാത വികസനം കേന്ദ്രസർക്കാർ ഉപേക്ഷിക്കാനൊരുങ്ങിയതാണെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ദേശീയപാതാ വികസനം യാഥാർഥ്യമാകാൻ കാരണം ഇടതുസർക്കാർ ആണെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു.
സംസ്ഥാന സർക്കാർ സാമൂഹ്യക്ഷേമത്തിനും പശ്ചാത്തലവികസനത്തിനും തുല്യപ്രാധാന്യമാണു നൽകുന്നതെന്ന് മുഖവുരയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. എല്ലാ നിലയിലും നാടിനു വലിയ പുരോഗതിയാണുള്ളതെന്ന് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. തുറന്ന ജീപ്പിൽ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. സംസ്ഥാനത്തുണ്ടാകുന്ന മാറ്റവും പുരോഗതിയും ജനം സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണ് പരിപാടികളിലെ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.











