01:06am 25 November 2026
NEWS
ഐ.ഐ.പി.ഡി പദ്ധതിയുടെ ഒന്നാം ഘട്ട പ്രഖ്യാപനം: വേറിട്ട പത്രസമ്മേളനവുമായി കേള്‍വി സംസാര പരിമിതര്‍.
24/11/2026  11:03 AM IST
Nasar
ഐ.ഐ.പി.ഡി പദ്ധതിയുടെ ഒന്നാം ഘട്ട പ്രഖ്യാപനം: വേറിട്ട പത്രസമ്മേളനവുമായി കേള്‍വി സംസാര പരിമിതര്‍.


കാസര്‍ഗോഡ്: കാസര്‍ഗോഡ് പ്രസ് ക്ലബ് ഇന്നലെ അപൂര്‍വമായ ഒരു പത്രസമ്മേളനത്തിനാണ് സാക്ഷ്യം വഹിച്ചത്.  കേള്‍വി സംസാര പരിമിതരായ കുട്ടികള്‍ ആംഗ്യഭാഷയിലൂടെ ഒരു ബൃഹദ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത് ശ്രദ്ധേയവും ഏറെ കൗതുകകരവുമായി. തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിന്റെ ആദ്യഘട്ട സമര്‍പ്പണവുമായി ബന്ധപ്പെട്ടാണ് സെന്ററില്‍ പരിശീലനം നേടുന്ന ആര്‍ദ്ര അനില്‍, അപര്‍ണ സുരേഷ്, അദ്ധ്യാപകന്‍ സനല്‍ പി.കെ എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. 
പരിചയപ്പെടുത്തലും പദ്ധതിയുടെ സമര്‍പ്പണ തീയതിയും ഉദ്ദേശലക്ഷ്യവും പ്രാധാന്യവുമൊക്കെ കുട്ടികള്‍ ആംഗ്യഭാഷയിലൂടെ ആദ്യം അവതരിപ്പിച്ചു.  എന്നാല്‍ കാണികള്‍ക്ക് മനസ്സിലായില്ലെന്ന് മനസ്സിലാക്കിയ കുട്ടികള്‍ ഇന്ദ്രജാലത്തിലൂടെ അത് ബോധ്യപ്പെടുത്തിയതോടെ സദസ് അത്ഭുതപ്പെടുകയായിരുന്നു. ഇന്ദ്രജാലാവതരണം നടത്തുന്നവരുടെ പേരുകള്‍ ഒഴിഞ്ഞ പേടകത്തില്‍ നിന്നും പ്രത്യക്ഷപ്പെടുത്തിയാണ് ആദ്യ തുടക്കം.  തുടര്‍ന്ന് ഫെബ്രുവരി 23 തിരഞ്ഞെടുത്തതിന്റെ വിശദീകരണവുമായി അടുത്ത ഇന്ദ്രജാലം.  പി.സി സര്‍ക്കാരിന്റെ ഫോട്ടോ പ്രത്യക്ഷപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ ഇന്ത്യന്‍ മാന്ത്രിക ദിനം തിരഞ്ഞെടുത്തതെന്ന് അവര്‍ ബോധ്യപ്പെടുത്തി. ഏറ്റവുമൊടുവില്‍ അദ്ധ്യാപകനായ സനല്‍ പി.കെ ക്യാന്‍വാസില്‍ വര്‍ണങ്ങള്‍ വാരിയെറിഞ്ഞ് ഐ.ഐ.പി.ഡിയുടെ മാതൃക അനാച്ഛാദനം ചെയ്ത് കാണികളെ ഞെട്ടിച്ചു.    
ആംഗ്യഭാഷ പലപ്പോഴും പൊതുജനങ്ങള്‍ക്ക് അറിയാത്തത് തങ്ങളുടെ ആശയവിനിമയത്തിന് തടസ്സം നില്‍ക്കുന്നുവെന്ന് കുട്ടികള്‍ പറയാതെ പറയുകയായിരുന്നു. ഒരു ഇന്‍ക്ലൂസീവ് സൊസൈറ്റിയെ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ കുറേയെങ്കിലും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമാകൂവെന്നും ഐ.ഐ.പി.ഡി പോലുള്ള സെന്ററുകള്‍ ഇതിനൊരു തുടക്കമാകട്ടെയെന്നും കുട്ടികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.  കുട്ടികള്‍ പറയുന്നതൊക്കെയും ഇന്റര്‍പ്രെട്ടറായി എത്തിയ വത്സ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചുകൊടുത്തു. പദ്ധതിയുടെ സൂത്രധാരനും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img