
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അവന്തികയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് അവന്തികയുടെ സുഹൃത്ത് അന്ന രാജു. അവന്തികയുമായി രാഹുൽ മാങ്കൂട്ടത്തിൽ ചാറ്റിംഗും ഫോൺ സംഭാഷണവും ആരംഭിക്കുന്ന സമയത്ത് താൻ അവന്തികയ്ക്കൊപ്പം ഉണ്ടായിരുന്നെന്നും ട്രാൻസ്ജൻഡർ കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹി കൂടിയായ അന്ന രാജു വെളിപ്പെടുത്തി. അവന്തികയുടെ ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ ബിജെപി നേതാക്കളാണെന്നും അവർ ആരോപിച്ചു.
‘‘രാഹുലുമായി ആരാണ് ആദ്യം ചാറ്റിങ് ആരംഭിച്ചതെന്ന് എനിക്കറിയാം. അവന്തികയോട് രാഹുൽ മോശമായി പെരുമാറിയിട്ടില്ല. ട്രാൻസ്ജൻഡർ സമൂഹത്തിനു രാഹുലിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. രാഹുലും അവന്തികയും നല്ല സുഹൃത്തുക്കളായിരുന്നു. മൂന്നു വർഷം മുൻപ് പേടിയായിരുന്നുവെന്ന് അവർ പറയുന്നത് കള്ളമാണ്. പല വിഷയങ്ങളിൽ ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഞാനും അവന്തികയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്നേ പ്രതികരിക്കാമായിരുന്നു’’ – അന്ന രാജു പറഞ്ഞു.
2019 മുതൽ കേന്ദ്ര സർക്കാരിൻറെ ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് നിലവിലുള്ളതാണ്. അന്നെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവുമായിരുന്നു. ആരോപണം ഉന്നയിക്കാൻ രാഹുൽ എംഎൽഎയാകുന്നത് വരെ കാത്തിരുന്നത് എന്തിനാണെന്നും അന്ന രാജു ചോദിച്ചു.











