
തന്റെ ദൃശ്യം എഡിറ്റ് ചെയ്ത് വികൃതമാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ നടി അന്നാ രേഷ്മാ രാജൻ രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ എഡിറ്റഡ് വീഡിയോയെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. എഡിറ്റിങ് ഭീകരാ, ഇത്രയ്ക്കുവേണ്ടായിരുന്നു എന്നും ഒറിജിനലിന് പോലും ഇത്രയ്ക്ക് വ്യൂസ് ഇല്ലെന്നും താരം പറയുന്നു. യാതൊരു തരത്തിലുമുള്ള വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും അന്നാ രേഷ്മാ രാജൻ അഭ്യർഥിച്ചു.
ലിച്ചി എന്ന പേരിൽ അറിയപ്പെടുന്ന നടി അന്ന രേഷ്മ രാജൻ ഉദ്ഘാടനവേദികളിലെ സ്ഥിരം സാന്നിധ്യമാണ്. വെള്ള സിൽക്ക് സാരിയും ബ്ലൗസും ധരിച്ച ഉദ്ഘാടനവേദിയിലെത്തിയ അന്നയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേവീഡിയോ എഡിറ്റ് ചെയ്ത് വികൃതമാക്കിയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതിനെതിരേയാണ് നടി രംഗത്തെത്തിയത്. 'എഡിറ്റിങ് ഭീകരാ, ഇത്രയ്ക്കുവേണ്ടായിരുന്നു. ഒറിജിനലിന് പോലും ഇത്രയ്ക്കു വ്യൂസ് ഇല്ല. എന്നാലും എന്തിനായിരിക്കും?. യാതൊരു തരത്തിലുമുള്ള വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്', നടി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽകുറിച്ചു.
'ഇതാണ് യഥാർഥ ഞാൻ' എന്ന കുറിപ്പോടെ മറ്റൊരു റീലും നടി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. വ്യാജപ്രചാരണങ്ങൾക്കെതിരേ നടി നടത്തിയ പ്രതികരണത്തിന് വലിയ പിന്തുണയാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിക്കുന്നത്.











