
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ അഞ്ജലി പി.വി വോട്ടിംഗ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി നായർ എന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ നിരസിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ഇതിനകം ആരംഭിച്ച സാഹചര്യത്തിൽ പട്ടികയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന കാരണമാണ് വരണാധികാരി ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് അഞ്ജലി ഇന്ന് രാവിലെ വരണാധികാരിയുടെ മുമ്പാകെ ഹാജരായത്. എന്നാൽ അപേക്ഷ തള്ളപ്പെട്ടതോടെ വോട്ടിംഗ് യന്ത്രത്തിലും സ്ഥാനാർഥി പട്ടികയിലും അഞ്ജലി പി.വി എന്ന പേരുതന്നെയായിരിക്കും തുടർന്നും ഉപയോഗിക്കുക.
മാർച്ച് 28ന് നടന്ന കരട് ബാലറ്റ് പരിശോധനയ്ക്കിടെ സ്ഥാനാർഥിയുടെയോ പ്രതിനിധിയുടെയോ ഭാഗത്ത് നിന്ന് എതിർപ്പുകൾ ഒന്നും ഉയർന്നിരുന്നില്ലെന്ന് വരണാധികാരി വ്യക്തമാക്കി. ഹോം വോട്ടിംഗ് ആരംഭിച്ച ശേഷം മാർച്ച് 31നാണ് പേര് മാറ്റാൻ അപേക്ഷ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ വോട്ടിംഗ് നടപടികൾ ഇതിനകം പുരോഗമിക്കുകയാണ്. പോസ്റ്റൽ ബാലറ്റ്, ഹോം വോട്ടിംഗ്, വോട്ടർ സൗകര്യ കേന്ദ്രങ്ങൾ എന്നിവയിലൂടെ വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിൽ ഇപ്പോൾ മാറ്റം വരുത്തിയാൽ ഒരേ മണ്ഡലത്തിൽ വ്യത്യസ്ത ബാലറ്റ് പേപ്പറുകൾ ഉണ്ടാകാൻ ഇടയാകും. അതിനാൽ മുഴുവൻ പ്രക്രിയയും നിർത്തിവെച്ച് പുനഃക്രമീകരണം നടത്തേണ്ടി വരുമെന്നും, അത് ഭരണപരമായി അസാധ്യവും തിരഞ്ഞെടുപ്പ് സമയക്രമത്തെ ബാധിക്കുന്നതുമാണെന്നും ഉത്തരവിൽ പറയുന്നു.
ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിനൊപ്പം ചിഹ്നവും ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും വരണാധികാരി വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയിൽ “അഞ്ജലി പി.വി.” എന്ന പേരിലുള്ളത് ഒരാൾ മാത്രമാണെന്നും വരണാധികാരി സൂചിപ്പിച്ചു.
പൊതുജീവിതത്തിലും സിനിമ മേഖലയിലും താൻ അഞ്ജലി നായർ എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് അഞ്ജലി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. പ്രചാരണ പ്രവർത്തനങ്ങളും അതേ പേരിലാണ് നടത്തിയതെന്നും, വോട്ടർമാർക്ക് ആശയക്കുഴപ്പം ഒഴിവാക്കാൻ വോട്ടിംഗ് യന്ത്രത്തിലും അതേ പേര് വേണമെന്നുമായിരുന്നു അവരുടെ ആവശ്യം.











