
ദോഹ: ഖത്തറിലെ തെരുവ് പൂച്ചകളുടെ സംരക്ഷണത്തിന് മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതിനേക്കാൾ (Rescue) അവയുടെ പ്രജനനം നിയന്ത്രിക്കുന്നതിനും (Sterilisation) ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനും മുൻഗണന നൽകണമെന്ന് സന്നദ്ധ പ്രവർത്തകരും മൃഗസംരക്ഷകരും ആവശ്യപ്പെടുന്നു. പൂച്ചകളുടെ എണ്ണം വർദ്ധിക്കുന്നത് തടയാൻ ശാശ്വത പരിഹാരം ആവശ്യമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ കൂട്ടായ്മകൾ വ്യക്തമാക്കി.
ഏഴ് വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര സന്നദ്ധപ്രവർത്തക ഐറിന തിമോഷെങ്കോ നിലവിൽ 72 പൂച്ചകളെയാണ് പരിചരിക്കുന്നത്. പരിക്കേറ്റതും രോഗം ബാധിച്ചതുമായ മൃഗങ്ങളെ രക്ഷപ്പെടുത്തി ചികിത്സ നൽകി വാക്സിനേഷനും വന്ധ്യംകരണവും പൂർത്തിയാക്കിയ ശേഷമാണ് ഇവർ ദത്തെടുക്കലിനായി നൽകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ഗുരുതരമായി പരിക്കേറ്റ 13 പൂച്ചകളുടെ ചികിത്സയ്ക്കായി 24,000 ഖത്തർ റിയാലോളമാണ് ഇവർ ചെലവഴിച്ചത്. മൃഗങ്ങളെ ഉപേക്ഷിക്കുന്ന പ്രവണത അവസാനിപ്പിക്കുക, ബ്രീഡർമാർക്കും പെറ്റ് ഷോപ്പുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തുക, 'ട്രാപ്പ്-ന്യൂട്ടർ-റിട്ടേൺ' (TNR) പദ്ധതികൾ വ്യാപിപ്പിക്കുക എന്നിവയാണ് ഇതിനുള്ള ശാശ്വത പരിഹാരമെന്ന് ഐറിന അഭിപ്രായപ്പെടുന്നു.
സമാനമായ രീതിയിൽ തെരുവ് മൃഗങ്ങളെ സംരക്ഷിക്കുന്ന സാബിന ഹുസൈനോവ, 'ദി പേൾ ആനിമൽ വെൽഫെയർ', 'ടിഎൻആർ ഖത്തർ' (TNR Qatar), 'സ്ട്രീറ്റ്‌സ് ഓഫ് സ്ട്രേ' തുടങ്ങിയ സംഘടനകളും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നു. പ്രജനന നിയന്ത്രണം (TNR), വളർത്തുമൃഗങ്ങളുടെ നിർബന്ധിത രജിസ്ട്രേഷൻ, ഉത്തരവാദിത്തമുള്ള വളർത്തൽ രീതികൾ എന്നിവയിലൂടെ മാത്രമേ തെരുവ് പൂച്ചകളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ എന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. തെരുവ് പൂച്ചകൾക്ക് ആഹാരം നൽകുന്നവർ പ്രദേശങ്ങൾ ശുചിയായി സൂക്ഷിക്കണമെന്നും വേനൽക്കാലത്ത് കുടിവെള്ളം ഉറപ്പാക്കണമെന്നും സന്നദ്ധ പ്രവർത്തകർ അഭ്യർത്ഥിച്ചു











