01:32am 13 November 2026
NEWS
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ അമർഷം പുകയുന്നു
18/03/2026  06:41 AM IST
nila
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ അമർഷം പുകയുന്നു

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കിടയിൽ അമർഷം പുകയുന്നു. പ്രമുഖ നേതാക്കളെ ഒഴിവാക്കിയതും വിജയസാധ്യത കണക്കിലെടുക്കാതെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതും ഘടകകക്ഷികൾക്ക് അമിത പ്രധാന്യം നൽകിയതുമാണ് ബിജെപി നേതാക്കൾക്കിടയിൽ നേതൃത്വത്തിനെതിരെ അമർഷത്തിന് കാരണമായിരിക്കുന്നത്. 

കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ, എ. നാഗേഷ്, ജിജി ജോസഫ് എന്നിവരുൾപ്പെടെയുള്ള നിരവധി സംസ്ഥാന നേതാക്കൾക്കും രണ്ടാംനിര പ്രവർത്തകർക്കും സീറ്റ് നിഷേധിച്ചതാണ് ബിജെപിക്കുള്ളിൽ പ്രതിഷേധത്തിന് കാരണമാകുന്നത്. മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വത്തെയും ആർ.എസ്.എസ്. നേതൃത്വത്തെയും സമീപിച്ച് പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.

ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു തന്റെ പ്രതിഷേധം പരസ്യമാക്കിയിരുന്നു. ബിജെപിക്ക് സ്വാധീനമുള്ള കൊടുങ്ങല്ലൂർ ട്വന്റി ട്വന്റിക്കും ആറന്മുള ബി.ഡി.ജെ.എസ്-നും  നൽകിയതും പാർട്ടിക്കുള്ളിൽ വിവാദമുണ്ടാക്കി. തൃപ്പൂണിത്തുറ, കളമശ്ശേരി പോലുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുത്തതിലും ശക്തമായ എതിർപ്പ് ഉയർന്നു. വർഷങ്ങളായി പാർട്ടി പ്രവർത്തകർ ശക്തമായ നിലപാട് പുലർത്തുന്ന മണ്ഡലങ്ങൾ “ആളില്ലാ പാർട്ടികൾക്ക്” കൈമാറിയെന്നാണ് നേതാക്കളുടെ വിമർശനം.

ചെങ്ങന്നൂരിൽ പ്രവർത്തിച്ചിരുന്ന ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയെ ഹരിപ്പാട്ടേക്ക് മാറ്റിയതും പ്രാദേശികമായി പ്രതിഷേധത്തിന് കാരണമായി. സുരേന്ദ്രൻപക്ഷം നിയന്ത്രിക്കുന്ന ജില്ലകളിൽ ഘടകകക്ഷികൾക്ക് കൂടുതൽ സീറ്റുകൾ നൽകിയെന്നാരോപണവും ഉയരുന്നുണ്ട്. ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലം ട്വന്റി ട്വന്റിക്ക് നൽകിയതും, അവിടെ ക്രൈസ്തവ സ്ഥാനാർഥിയെ പരിഗണിച്ചതും ആർ.എസ്.എസ് പ്രവർത്തകരിലും അമർഷം പുകയാൻ കാരണമായിട്ടുണ്ട്. ആറന്മുളയിലോ റാന്നിയിലോ കുമ്മനത്തെ മത്സരിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഈഴവ സ്വാധീനമുള്ള കൊടുങ്ങല്ലൂരിൽ ക്രൈസ്തവ സ്ഥാനാർഥിയെ നിർത്തുന്നതിലും പ്രതിഷേധം ശക്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img