
അമരാവതി: എട്ടുമാസം ഗർഭിണിയായ ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് ഇരുപത്തിയേഴുകാരിയായ അനുഷയെ ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് ജ്ഞാനേശ്വർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വാക്കുതർക്കത്തിനിടെയാണ് യുവതിയെ ജ്ഞാനേശ്വർ കൊലപ്പെടുത്തിയത്.
വിശാഖ പട്ടണത്തിലെ പിഎം പാലെമിലെ ഉദ കോളനിയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ജ്ഞാനേശ്വർ നഗരത്തിലെ സാഗർനഗർ വ്യൂപോയിന്റിന് സമീപം ഫാസ്റ്റ് ഫുഡ് സെന്റർ നടത്തുകയാണ്. മൂന്ന് വർഷം മുൻപാണ് ഇവർ പ്രണയിച്ച് വിവാഹിതരായത്. ദമ്പതികൾ തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
അനുഷയും ജ്ഞാനേശ്വറും തമ്മിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാകാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഈ ദേഷ്യത്തിനാണ് ജ്ഞാനേശ്വർ അനുഷയുടെ കഴുത്തുഞെരിച്ചത്. എട്ടുമാസം ഗർഭിണിയായ അനുഷ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുറച്ച് സമയത്തിനുള്ളിൽ യുവതി ബോധരഹിതയായി നിലത്തുവീണു. ഉടൻ ജ്ഞാനേശ്വർ ഭാര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അനുഷ മരിച്ചെന്ന വിവരം അറിഞ്ഞതോടെ ജ്ഞാനേശ്വർപൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിച്ചു.