
കൊച്ചി: തൃപ്പൂണിത്തുറയിലെ വ്യവസായിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി രേഖകളും ചെക്കുകളും ഒപ്പിട്ടു വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആന്ധ്രപ്രദേശ് വ്യവസായി ബണ്ടി ശ്രുജൻ കുമാർ റെഡ്ഡി. താൻ നൽകിയ സാമ്പത്തിക തട്ടിപ്പ് കേസിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായപ്പോൾ പ്രതികൾ കെട്ടിച്ചമച്ചതാണ് ഈ വ്യാജ കഥയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ആന്ധ്രപ്രദേശിലെ എലൂരു ജില്ലയിൽ പ്രവർത്തിക്കുന്ന 'ശ്രീ സായി ലക്ഷ്മി അക്വാ ട്രേഡിംഗ്' എന്ന സ്ഥാപനത്തിൻ്റെ ഉടമയായ ഇദ്ദേഹമാണ് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തോളമായി കേരളത്തിലെ വിവിധ കയറ്റുമതിക്കാർക്ക് കൊഞ്ചും ചെമ്മീനും വിതരണം ചെയ്യുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിലെ ചില കമ്പനികൾ കൃത്യമായി പണം നൽകുന്നില്ലെന്നും ഏകദേശം പന്ത്രണ്ട് കോടിയോളം രൂപയാണ് കേരളത്തിലെ വ്യാപാരികളിൽ നിന്നും തനിക്ക് ലഭിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രീമിയർ മറൈൻ ഫുഡ്സ് ഉടമയായ തൃപ്പൂണിത്തുറ സ്വദേശി നിഹാസ് മുസ്തഫ 3.62 കോടി രൂപയും, ജി.കെ.എസ് ബിസിനസ് അസോസിയേറ്റ്സ് ഉടമയായ അരൂർ സ്വദേശി അനസ് എം.എസ് 1.27 കോടി രൂപയുമാണ് നൽകാനുള്ളത്. ഇവർക്ക് പുറമെ പണം നൽകാനുള്ള മറ്റുള്ളവർ സെറ്റിൽമെന്റിന് തയാറായവരാണ്. എന്നാൽ നിഹാസും അനസും പണം നൽകാതെ കബിളിപ്പിക്കുകയും തന്നെ പ്രതിക്കൂട്ടിലാക്കാനുമാണ് ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു.
കേരളത്തിലെ ബിസിനസുകാർ കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതോടെ ആന്ധ്രയിലെ സാധാരണക്കാരായ ചെമ്മീൻ കർഷകർക്ക് പണം നൽകാൻ റെഡ്ഡിക്ക് കഴിഞ്ഞില്ല. പണം ലഭിക്കാതെ വന്നതോടെ കർഷകർ ഇദ്ദേഹത്തിനെതിരെ തിരിയുകയും വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് റെഡ്ഢി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിലെ ഗണപവരം പോലീസ് സ്റ്റേഷനിൽ നിഹാസിനും അനസിനും ഉൾപ്പെടെയുള്ളവർക്കെതിരെ വഞ്ചനാക്കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഈ കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായാണ് ഗണപവരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അരുഗുല മണി കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേരളത്തിൽ എത്തിയത്. ജൂൺ ഇരുപത്തിമൂന്നിന് രാവിലെ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ ആന്ധ്ര പോലീസ് സംഘം റിപ്പോർട്ട് ചെയ്തുവെന്നും ഇതിൻ്റെ ജനറൽ ഡയറി രേഖകൾ പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകുമെന്നും ബണ്ടി ശ്രുജൻ കുമാർ റെഡ്ഡി പറഞ്ഞു. ഹിൽ പാലസ് പോലീസിനെ വിവരമറിയിച്ച ശേഷമാണ് നിയമപരമായി അന്വേഷണസംഘം നിഹാസിൻ്റെ തൃപ്പൂണിത്തുറയിലെ വീട്ടിൽ പോയത്.
നിഹാസിൻ്റെ വീട്ടിൽ വെച്ച് തികച്ചും സമാധാനപരമായാണ് ചർച്ചകൾ നടന്നതെന്നും അതിക്രമിച്ചു കയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിഹാസ് തൻ്റെ സഹോദരൻ്റെയും മറ്റും സാന്നിധ്യത്തിൽ സ്വന്തം അഭിഭാഷകനുമായി ഫോണിൽ സംസാരിച്ച് നിയമോപദേശം തേടിയ ശേഷമാണ് ബാധ്യതകൾ സമ്മതിച്ച് സെറ്റിൽമെൻ്റ് അഗ്രിമെൻ്റുകളിൽ ഒപ്പുവെച്ചത്. ഈ കരാറിൽ നിഹാസിൻ്റെ സഹോദരൻ നിസാം മുസ്തഫയും ഗ്യാരൻ്ററായി ഒപ്പുവെച്ചിട്ടുണ്ട്. ഈ സമയത്തെ ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യാവസ്ഥ വ്യക്തമാകും. ചർച്ചയ്ക്കിടെ ശാരീരിക മർദ്ദനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വീഡിയോ എന്തുകൊണ്ട് ഇവർ ഹാജരാക്കുന്നില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.
മാത്രമല്ല, ജൂൺ ഇരുപത്തിമൂന്നിന് ആന്ധ്ര പോലീസ് സംഘമെന്ന പേരിൽ ഒരു കൂട്ടം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് നിഹാസ് ആരോപിക്കുന്നത്. എന്നാൽ പത്ത് ദിവസങ്ങൾക്ക് ശേഷം ജൂലൈ രണ്ടിനാണ് ഇയാൾ പോലീസിൽ പരാതി നൽകാൻ തയ്യാറായത്. പോലീസിൽ നിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാമായിരുന്നിട്ടും അതിന് തയാറാകാതിരുന്നതും ഈ കേസ് കെട്ടിച്ചമച്ചതാണെന്നതിൻ്റെ വ്യക്തമായ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ബിസിനസ് ആവശ്യങ്ങൾക്കായി നിഹാസും മറ്റും മുൻപ് നൽകിയ പല ചെക്കുകളും അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയിട്ടുണ്ടെന്നും ഇത്തരം ചെക്ക് കേസുകൾ നിലവിൽ ആന്ധ്രയിലെ ഭീമവരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണുള്ളതെന്നും ശ്രുജൻ കുമാർ റെഡ്ഡി ചൂണ്ടിക്കാട്ടി. വർഷങ്ങളായി തുടരുന്ന ഈ സാമ്പത്തിക തട്ടിപ്പുകൾ മറച്ചുവെക്കാനും പോലീസിൻ്റെ അന്വേഷണം തടസ്സപ്പെടുത്താനുമാണ് ഇപ്പോൾ ഭീഷണിപ്പെടുത്തി ചെക്കുകൾ വാങ്ങിയെന്ന പുതിയ കഥയുമായി ഇവർ രംഗത്ത് വന്നിരിക്കുന്നത്. വ്യാജ പരാതി നൽകി പോലീസിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ് ഇവരുടെ ശ്രമം.
തൻ്റെ പേര് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയതിനാൽ ഇനി പണം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും തന്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും പ്രതികളിലൊരാളായ അനസ് വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കേസ് നൽകിയതിലുള്ള വൈരാഗ്യത്തിൽ, ഇവർ നിരന്തരം വധഭീഷണി മുഴക്കുന്നുണ്ട്. കേരളത്തിലെത്തിയാൽ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് സംരക്ഷണത്തിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയും കോടതിയിൽ സംരക്ഷണം ആവശ്യപ്പെട്ട് റിട്ട് ഹർജി ഫയൽ ചെയ്യുകയും ചെയ്തത്. ഇത് അംഗീകരിച്ച കോടതി പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈ പോലീസ് സംരക്ഷണത്തിന്റെ പിൻബലത്തിലാണ് റെഡ്ഡി ഇപ്പോൾ കേരളത്തിൽ എത്തിയത്. ഒത്തുതീർപ്പ് കരാറുകൾ ഉൾപ്പെടെയുള്ള രേഖകളും ഈ റിട്ട് ഹർജിക്കൊപ്പം കോടതിക്ക് മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഒരു വ്യവസായിയാണെന്നും, കർഷകർക്ക് ഉൾപ്പെടെ ബാധ്യത തീർക്കാനുള്ളതിനാൽ തനിക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപ തിരികെ കിട്ടുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വ്യവസായികളായ ശൈഖ് ഷബീർ, രവീന്ദ്രനാഥ ടാഗോർ എന്നിവരും പങ്കെടുത്തു.
Photo Courtesy - Google










