12:01pm 11 November 2026
NEWS
ഇന്ത്യയുടെ തലവര മാറുന്നു! ആൻഡമാൻ കടലിൽ വൻ പ്രകൃതിവാതക നിക്ഷേപം
27/09/2025  05:17 PM IST
nila
ഇന്ത്യയുടെ തലവര മാറുന്നു! ആൻഡമാൻ കടലിൽ വൻ പ്രകൃതിവാതക നിക്ഷേപം

ആൻഡമാൻ കടലിൽ വൻ പ്രകൃതിവാതക നിക്ഷേപമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ആൻഡമാൻ കടലിൽ വൻതോതിലുള്ള ൽ പ്രകൃതിവാതക സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി എക്സിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.  ഇത് ഇന്ത്യയുടെ ആഴക്കടൽ പര്യവേക്ഷണത്തിന് വലിയ ഉത്തേജനമാകുമെന്നും ഹർദീപ് സിങ് പുരി ചൂണ്ടിക്കാട്ടുന്നു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വിവാദവും യുഎസ് അധിക തീരുവയും കത്തിനിൽക്കെയാണ് ഇന്ത്യക്കും വലിയ പ്രകൃതിവാതക നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തൽ. അമൃത് കാലത്തിലൂടെയുള്ള നമ്മുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഇതെന്നും കേന്ദ്രമന്ത്രി പോസ്റ്റിൽ പറയുന്നു. 

ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് 17 കിലോമീറ്റർ അകലെയുള്ള ശ്രീ വിജയപുരത്താണ് വൻതോതിൽ പ്രകൃതിവാതകശേഖരം കണ്ടെത്തിയിരിക്കുന്നത്. 295 മീറ്റർ ജലനിരപ്പിലും 2,650 മീറ്റർ ആഴത്തിലുമാണ് ഈ എണ്ണക്കിണറുകൾ സ്ഥിതി ചെയ്യുന്നത്. 2,212-നും 2,250 മീറ്ററിനും ഇടയിലുള്ള പ്രാഥമിക ഉത്പാദന പരിശോധനയിൽ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായും ഇടവിട്ടുള്ള ജ്വാലകൾ ദൃശ്യമായതായും പുരി പോസ്റ്റിൽ വിശദീകരിച്ചു. വാതക സാമ്പിളുകൾ കാക്കിനഡയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ അതിൽ 87 ശതമാനം മീഥേൻ ആണെന്ന് കണ്ടെത്തി.

'വാതകശേഖരത്തിന്റെ വലുപ്പവും കണ്ടെത്തലിന്റെ വാണിജ്യസാധ്യതയും വരുംമാസങ്ങളിൽ സ്ഥിരീകരിക്കും. എന്നാൽ, ഈ മേഖലയിൽ വടക്ക് മ്യാൻമർ മുതൽ തെക്ക് ഇന്തോനേഷ്യ വരെയുള്ള കണ്ടെത്തലുകൾക്ക് സമാനമായി ആന്തമാൻ തടം പ്രകൃതിവാതക സമ്പന്നമാണെന്ന ഞങ്ങളുടെ ദീർഘകാല വിശ്വാസം ഉറപ്പിക്കുന്നു. അന്തമാൻ തടത്തിലെ ഹൈഡ്രോ കാർബൺ സാന്നിധ്യം വലിയൊരു ചുവടുവെപ്പാണ്.' പുരി പോസ്റ്റിൽ കുറിച്ചു.

സർക്കാരിൻറെ ആഴക്കടൽ ദൗത്യവുമായി പുതിയ കണ്ടെത്തൽ യോജിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നിലധികം ആഴക്കടൽ കിണറുകളിലൂടെ ഓഫ്‌ഷോർ ഹൈഡ്രോ കാർബൺ ശേഖരം പര്യവേക്ഷണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ ഏകദേശം 85 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ അത് ഇന്ത്യയെ  സ്വയംപര്യാപ്തതയിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img