
മുംബൈ: ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനായി പുതിയ പരിശീലനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പിതാവും പരിശീലകനുമായ യോഗ്‌രാജ് സിങ്ങിന്റെ കീഴിലാണ് അനായ പരിശീലനം ആരംഭിച്ചിരിക്കുന്നത്. യോഗ്‌രാജ് സിങ്ങുമായി പരിശീലനകാര്യങ്ങൾ ചർച്ച ചെയ്യുന്ന വീഡിയോയും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയ താരങ്ങളായ യുവരാജ് സിങ്ങിനും സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറിനും പരിശീലനം നൽകിയിട്ടുള്ള വ്യക്തിയാണ് യോഗ്‌രാജ് സിങ്. അദ്ദേഹത്തിന്റെ പരിശീലനത്തിലൂടെ കളിക്കളത്തിലേക്ക് കൂടുതൽ കരുത്തോടെ തിരിച്ചെത്താനാണ് അനായയുടെ ശ്രമം.
ഓസ്‌ട്രേലിയയിൽ വനിതകളുടെ കമ്യൂണിറ്റി ക്രിക്കറ്റിൽ കളിക്കുന്നതിന് അനായയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ സാന്നിധ്യമറിയിക്കുകയാണ് അടുത്ത ലക്ഷ്യം. എന്നാൽ വനിതാ ബിഗ് ബാഷ് ലീഗ് ഉൾപ്പെടെയുള്ള എലൈറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് നിലവിലെ യോഗ്യതാ നിബന്ധനകൾ അനായയ്ക്ക് മറികടക്കേണ്ടതുണ്ട്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ട്രാൻസ്‌ജെൻഡർ താരങ്ങൾക്കായുള്ള എലൈറ്റ് ക്രിക്കറ്റ് നയപ്രകാരം, വനിതാ വിഭാഗത്തിൽ മത്സരിക്കാൻ താരത്തിന്റെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് തുടർച്ചയായ 12 മാസമെങ്കിലും ലീറ്ററിന് 10 നാനോമോൾസിൽ താഴെയായിരിക്കണം. പ്രായപൂർത്തിയാകുന്ന സമയത്ത് പുരുഷന്മാരായിരുന്ന ട്രാൻസ്‌ജെൻഡർ താരങ്ങളെ എലൈറ്റ് വനിതാ ക്രിക്കറ്റിൽനിന്ന് ഒഴിവാക്കാൻ 2023ൽ ഐസിസിയും തീരുമാനിച്ചിരുന്നു.
സഞ്ജയ് ബംഗാറിന്റെ മകനായിരുന്ന ആര്യൻ ബംഗാർ പിന്നീട് അനായ എന്ന പേര് സ്വീകരിച്ച് ട്രാൻസ് വുമണായി മാറുകയായിരുന്നു. 2024ൽ ഹോർമോൺ ചികിത്സ ആരംഭിച്ച വിവരം അനായ പരസ്യപ്പെടുത്തിയിരുന്നു. അതേ വർഷം പുതിയ പേരും വെളിപ്പെടുത്തി. തുടർന്ന് 2026 മാർച്ചിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി.
നേരത്തെ ആര്യൻ ബംഗാർ എന്ന പേരിൽ മുംബൈയ്ക്കായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ള അനായ, സർഫറാസ് ഖാനും സഹോദരൻ മുഷീർ ഖാനുമൊപ്പം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ക്രിക്കറ്റിലെ പുതിയ അധ്യായത്തിന് തുടക്കമിടാനുള്ള ഒരുക്കത്തിലാണ് താരം.










