
റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെ നടന്ന സുപ്രഭാത സേവയിൽ പങ്കെടുത്ത അദ്ദേഹം, ദർശനത്തിന് ശേഷം ആചാരാനുസൃതമായി തലമുണ്ഡനം ചെയ്ത് വഴിപാട് നിർവഹിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നീണ്ട മുടിയോടെയായിരുന്നു അനന്ത് അംബാനിയുടെ പൊതുപ്രത്യക്ഷങ്ങൾ. എന്നാൽ തിരുപ്പതി ദർശനത്തിന്റെ ഭാഗമായി അദ്ദേഹം തലമുണ്ഡനം നടത്തിയത് ശ്രദ്ധേയമായി. തുടർന്ന് ക്ഷേത്രത്തിലെ രംഗനായകുല മണ്ഡപത്തിൽ വേദപണ്ഡിതന്മാർ 'വേദാശീർവചനം' നൽകി അനുഗ്രഹിച്ചു. ക്ഷേത്ര അധികൃതർ ശ്രീവാരി തീർത്ഥപ്രസാദവും പൊന്നാടയും നൽകി അദ്ദേഹത്തെ ആദരിച്ചു.
സന്ദർശനത്തിനിടെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടി.ടി.ഡി.) റിലയൻസ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ 25 ഇലക്ട്രിക് ബസുകൾ നൽകുമെന്ന് അനന്ത് അംബാനി പ്രഖ്യാപിച്ചു. ഏകദേശം 27.5 കോടി രൂപ ചെലവഴിച്ചാണ് ബസുകൾ നൽകുക. ബസുകൾ ഓടിക്കുന്നതിനാവശ്യമായ 50 ഡ്രൈവർമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും റിലയൻസ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനൊപ്പം, തിരുമലയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും കമ്പനി ആവശ്യമായ പിന്തുണ നൽകുമെന്ന് അനന്ത് അംബാനി വ്യക്തമാക്കി.
ശ്രീകൃഷ്ണ ഭക്തനായ അനന്ത് അംബാനി മുൻപും നിരവധി പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിവാഹത്തിന് മുന്നോടിയായി ദ്വാരകാധീശ ക്ഷേത്രത്തിലേക്ക് ദീർഘദൂര പദയാത്ര നടത്തിയതും ശ്രദ്ധേയമായിരുന്നു. റിലയൻസിന്റെ പിന്തുണയോടെ നടപ്പാക്കുന്ന 'വനതാര' പദ്ധതിയിലൂടെ മൃഗസംരക്ഷണ മേഖലയിലും അദ്ദേഹം സജീവമാണ്










