
ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷാവാരാചരണത്തിന്റെ സമാപനദിവസം, മാറുന്ന സിനിമയുടെ ദൃശ്യഭാഷ എന്ന വിഷയത്തിൽ സംവിധായകൻ ആനനന്ദ് ഏകർഷി പ്രഭാഷണം നടത്തുന്നു. ഫാ. എമിൽ പുള്ളിക്കാട്ടിൽ സി. എം. ഐ.,പ്രജേഷ് സെൻ, പ്രൊഫ.സെബാസ്റ്റ്യൻ ആന്റണി, ഫാ. അനിൽ ഫിലിപ്പ് സി എം ഐ, എന്നിവർ സമീപം
കൊച്ചി : ലോകം മാറിയതിനോടൊപ്പം സിനിമയുടെ ദൃശ്യഭാഷയും മാറിയെന്ന് സംവിധായകൻ ആനന്ദ് ഏകർഷി അഭിപ്രായപ്പെട്ടു. ദൃശ്യ ഉൽപ്പന്നം എന്ന നിലയിലേക്ക് സിനിമ മാറി, ലൊക്കേഷൻ പോലുമില്ലാതെ എൽ.ഇ.ഡി പ്രൊജക്ടർ വഴി ലൊക്കേഷൻ വരെ തയ്യാറാക്കുന്ന രീതിയിലേക്ക് സിനിമ മാറി. കൃത്രിമ ബുദ്ധിയുടെ വരവിനെ തുടർന്ന് വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കി ഏതാണ് ഒറിജിനൽ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള ചിത്രീകരണ സംവിധാനങ്ങൾ കടന്നുവരുന്നു. ശബ്ദം, സംഭാഷണം, ഭാഷ, വെളിച്ചം എന്നിവ സിനിമയിൽ പുതിയ ഭാവങ്ങൾ തീർക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കാഴ്ചയും സ്ഥലവും സമയവും ഏറ്റവും പ്രധാനമായ കാര്യമാണെന്നും തിയേറ്ററിന് ഇനിയും വലിയ സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷാ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച്, മാറുന്ന സിനിമയുടെ ദൃശ്യ ഭാഷ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര നിരൂപകൻ പ്രൊഫസർ സെബാസ്റ്റ്യൻ ആന്റണി പ്രഭാഷണം നടത്തി. സിനിമ സംവിധായകൻ പ്രജേഷ് സെൻ അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി എം. ഐ., എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google









