മതപഠനം സ്കൂൾ സ്‌കൂൾ സമയത്തിനു ശേഷം ആക്കണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ

മതപഠനം സ്‌കൂൾ സമയത്തിനു ശേഷം ആക്കുന്നത് സംബന്ധിച്ച് മത പണ്ഡിതൻമാർ ആലോചിക്കണമെന്ന നിർദ്ദേശവുമായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. രാവിലെ ഉറങ്ങിയെഴുന്നേറ്റ് നല്ല അന്തരീക്ഷത്തിൽ കുട്ടികൾ പഠിക്കാൻ പോകട്ടെയെന്നും അതിനുശേഷം കളിക്കട്ടെ എന്നും അപ്പോൾ വേണമെങ്കിൽ മതപഠനം നടത്തട്ടെയെന്നും സ്പീക്കർ പറഞ്ഞു. ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സ്കൂൾ സമയം രാവിലെ എട്ടു മണി മുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇവിടെ അതൊന്നും പറ്റില്ലെന്ന നിലപാടിലാണ് ചിലരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കതിരൂർ പഞ്ചായത്തിലെ പുല്യോട് ഗവ.എൽപി സ്‌കൂളിൽ പുതുതായി നിർമിച്ച ഓഡിറ്റോറിയം ഉദ്ഘാടന വേളയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായാണ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
‘‘രാവിലെ ഉറങ്ങിയെഴുന്നേറ്റ് നല്ല അന്തരീക്ഷത്തിൽ കുട്ടികൾ പഠിക്കാൻ പോകട്ടെ. ഉച്ചയ്ക്ക് ശേഷം കളിക്കട്ടെ. അന്നേരം വേണമെങ്കിൽ മതപഠനം നടത്തട്ടെ. ഇക്കാര്യം മുൻപു പറഞ്ഞപ്പോൾ എന്നെ ആക്ഷേപിച്ചു, മതവിരുദ്ധനാക്കി മാറ്റി. സ്കൂളിലെ പഠന സമയം മാറ്റത്തെക്കുറിച്ച് കേരളത്തിൽ ചർച്ച ചെയ്യണം. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറണം. പൊതുവിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക നിലവാരം ഉയർത്താനും കൂടുതൽ പ്രതിഭാശാലികളെ സൃഷ്ടിക്കാനും സ്കൂളുകൾക്ക് സാധിക്കണം’’ – സ്പീക്കർ പറഞ്ഞു.











