
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് വഴിവെച്ച പിഴവുകൾ സിപിഎം പാർട്ടിക്കുള്ളിൽ സ്വയംവിമർശനത്തിലൂടെ വിലയിരുത്തിയെന്ന് മുൻ സ്പീക്കർ എ.എൻ. ഷംസീർ. മലപ്പുറം കാളികാവിൽ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം പാർട്ടിയുടെ വിലയിരുത്തലുകൾ പങ്കുവെച്ചത്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ പാർട്ടി പ്രതിരോധിച്ചെങ്കിലും, അതിന് ആവശ്യമായ ശക്തിയും വ്യക്തതയും ഉണ്ടായിരുന്നില്ലെന്നും ഷംസീർ വിലയിരുത്തി.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവാദവും പരാജയകാരണങ്ങളിൽ ഒന്നായി പാർട്ടി ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. സർക്കാർ സംഘടിപ്പിച്ച പരിപാടിയെ തെറ്റായി പ്രചരിപ്പിച്ചെന്നും, ആ ചടങ്ങിൽ യാതൊരു സാഹചര്യത്തിലും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വായിക്കാൻ പാടില്ലായിരുന്നുവെന്നുമാണ് പാർട്ടിയുടെ സ്വയംവിമർശനമെന്നും അദ്ദേഹം വ്യക്തമാക്കി.
പരാജയത്തിന്റെ കാരണങ്ങൾ തുറന്ന് ചർച്ച ചെയ്യാനും സ്വയം വിമർശനം നടത്താനും കഴിയുന്നത് സിപിഎമ്മിനാണെന്ന് ഷംസീർ പറഞ്ഞു. ജനങ്ങളാണ് രാഷ്ട്രീയത്തിലെ യഥാർത്ഥ യജമാനന്മാർ. അവർ ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ അംഗീകരിച്ച് തിരുത്തിയാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിനെ പരിഹസിച്ചും ഷംസീർ പ്രതികരിച്ചു. "ഇപ്പോൾ യുഡിഎഫിന് മധുവിധു കാലമാണ്. അതിനാൽ ഞങ്ങൾ ഒന്നും പറയുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് പേർ മത്സരിച്ചപ്പോൾ അവസാനം രമേശ് ചെന്നിത്തലയെ 'തൂഫാൻ' ആക്കി വിട്ടു, അദ്ദേഹം അതുമായി പോയി," എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.










