
മൈനിംഗ് ആൻ്റ് ജിയോളജി ചട്ടങ്ങളും, പരിസ്ഥിതി മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളും, നാഷണൽ ഗ്രീൻ ട്രിബ്യൂണലിൻ്റെ ഉത്തരവുകളും പൂർണ്ണമായി ലംഘിച്ചുകൊണ്ട് കോന്നി മഞ്ഞക്കടമ്പ് വാഴത്തോപ്പിൽ ജനവാസമേഖലയിൽ തുടങ്ങിയ പാറമടയുടെ പ്രവർത്തനം ഉടനടി നിർത്തിവെയ്ക്കാനും, സ്ഥാപനത്തിന് നൽകിയിട്ടുള്ള എല്ലാ അനുമതിയും, ലൈസൻസ്സുകളും റദ്ദ് ചെയ്യാനും ജില്ലാ ഭരണകൂടം ഉത്തരവിടണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തി ജനവാസ മേഖലയിൽ തുടങ്ങിയിട്ടുള്ള പാറമടയുടെ പ്രവർത്തനങ്ങൾ ദുരന്തനിവാരണ അതോറിറ്റിയും, ജിയോളജി -മലിനീകരണ വകുപ്പും സംയുക്തമായി നേരിട്ട് പരിശോധന നടത്തണം. സുരക്ഷിത ദൂരപരിധിയും മറ്റ് നിയന്ത്രണങ്ങളും പാലിക്കാതെയാണ് പാറമടയുടെ പ്രവർത്തനം ഇന്ന് നടന്നുവരുന്നത്. ജനവാസമേഖലയിൽ പാറമട തുടങ്ങുന്നതിന് അനുമതി നൽകിയത് അനുവദിക്കുവാൻ കഴിയുകയില്ല. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്വാറികൾ ജനവാസ കേന്ദ്രങ്ങൾ, വീടുകൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയിൽ നിന്ന് കുറഞ്ഞത് 200 മീറ്റർ അകലത്തിലായിരിക്കണമെന്ന നാഷണൽ ഗ്രീൻ ട്രിബ്യൂണലിൻ്റെ ഉത്തരവ് നിലവിലുണ്ട്. പാറയുമായി ടിപ്പർ ലോറികൾ തുടർച്ചയായി റോഡിലിറങ്ങുന്നത് കോന്നി മെഡിക്കൽ കോളേജിലേക്ക് അടിയന്തിര ചികിത്സക്കായി പോകുന്ന ആംബുലൻസ്സുകൾക്കും മറ്റ് വാഹനങ്ങൾക്കും തടസ്സമുണ്ടാക്കും. കേന്ദ്രീയ വിദ്യാലയം, CFRD കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന സ്കൂൾ വാനുകൾ, ബസ്സുകൾ, മറ്റ് കാൽനടക്കാരായ കുട്ടികൾ എന്നിവർക്ക് വലിയ അപകട ഭീഷണി സൃഷ്ടിക്കുകയുംചെയ്യും.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം ഉണ്ടായിട്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും പ്രധാന രാഷ്ട്രീയ നേതാക്കളും പ്രശ്നം ഏറ്റെടുക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു .
എസ് കൃഷ്ണകുമാർ, അഞ്ജിത.S, N.പ്രമോദ്കുമാർ, അരുൺ. സി എന്നിവർ സംസാരിച്ചു.









