
പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴയാറിന്റെ ജലോത്സവമായ പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം പതിപ്പിന് ആവേശോജ്ജ്വലമായ തുടക്കം. ബോട്ട് ലീഗിന്റെ ഉദ്ഘാടനം ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് പിറവം നഗരസഭയുടെ പങ്കാളിത്തത്തോടെ പ്രൗഢഗംഭീരമായാണ് അരങ്ങേറുന്നതെന്നും വർഷങ്ങൾ കഴിയുംതോറും കാണികളുടെ എണ്ണം വർധിച്ചുവരുന്നതും കൂടുതൽ ഫലപ്രദമായും വിജയകരമായും പിറവം ജലോത്സവം മുന്നേറുന്നത് നാടിന് തന്നെ അഭിമാനമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇത്തരം ആഘോഷങ്ങൾ മത്സരങ്ങളായി മാത്രമല്ല നാടിന്റെ സംസ്കാരങ്ങൾ ചേർത്തുനിർത്തുന്നതിനുള്ള അവസരം കൂടിയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നിരവധിയായ യോഗങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് ടൂറിസം വകുപ്പ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഏകീകരണം സാധ്യമാക്കുന്നതെന്നും ടൂറിസം വകുപ്പ് പ്രാദേശിക വള്ളംകളികൾ ഏറ്റെടുത്ത് നടപ്പിലാക്കുമ്പോൾ കൂടുതൽ വിപുലമായി സംഘടിപ്പിക്കാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, മുൻ മന്ത്രി ടി.എം. ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഉമാദേവി അന്തർജനം എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എവറോളിംഗ് ട്രോഫിയാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വിജയികൾക്ക് നൽകുന്നത്.
പിറവം നഗരസഭ ചെയർപേഴ്സൺ കെ. ആർ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളയി എം പി അഡ്വ. ഫ്രാൻസിസ് ജോർജ്, സിനിമ താരം ജാഫർ ഇടുക്കി എന്നിവർ പങ്കെടുത്തു. കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ,പിറവം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിവിൻ ജോർജ്, അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ജൻ,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ കൗൺസിലർമാർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കന്മാർ, ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








