09:54am 17 September 2025
NEWS
കേരളം നൽകിയ വികാരനിർഭരമായ യാത്രയയപ്പ്
04/08/2025  06:51 PM IST
nila
കേരളം നൽകിയ വികാരനിർഭരമായ യാത്രയയപ്പ്

ഇ.കെ. നായനാർക്കും ഉമ്മൻചാണ്ടിക്കുംശേഷം വി.എസ്. അച്യുതാനന്ദനും കേരളജനത ഈ ലോകത്തുനിന്നും അത്യധികം വികാരനിർഭരമായ യാത്ര അയപ്പാണ് നൽകിയത്. അവർ വിശ്വസിച്ചുപ്രവർത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമേതായാലും മതവിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ വെള്ളത്തിൽ ജീവിക്കുന്ന മത്സ്യത്തെപ്പോലെ ജനങ്ങൾക്കിടയിൽ അവരുടെ വിചാരങ്ങളും വികാരങ്ങളും ഉൾക്കൊണ്ട് ജിവിച്ചതുകൊണ്ടാണ് ഇത്രയധികം സ്‌നേഹവായ്പ് അവർക്ക് ലഭിച്ചത്.

കേരളത്തിന് വി.എസ് ആരായിരുന്നുവെന്ന് വിളിച്ചുപറഞ്ഞ അന്ത്യയാത്രയാണ് അദ്ദേഹത്തിന് ജനങ്ങൾ നൽകിയത്. 'കണ്ണേ കരളേ വി.എസ്സേ, ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ' എന്ന് കണ്ണീരണിഞ്ഞ് മുഷ്ടി ചുരുട്ടി കണ്ഠമിടറിയുള്ള മുദ്രാവാക്യം വിളികളാൽ മുഖരിതമായിരുന്നു 22 മണിക്കൂറിലേറെ നീണ്ട വിലാപയാത്ര. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനതയ്ക്കുവേണ്ടി, സമൂഹത്തിലായാലും സ്വന്തം പ്രസ്ഥാനത്തിലായാലും നേരിനുവേണ്ടി, ശ്വസിക്കാനുള്ള വായുവിനും കുടിവെള്ളത്തിനും മണ്ണിനും ആഹരിക്കാനുള്ള നെല്ലിനും വേണ്ടി ആജീവനാന്തം പൊരുതിയാണ് കുഞ്ഞുങ്ങൾ മുതൽ പടുവൃദ്ധർ വരെയുള്ള ജനസമൂഹത്തിന്റെ നെഞ്ചിലെ റോസാപ്പൂവായി വി.എസ് മാറിയത്. മൂല്യബോധവും ത്യാഗസമ്പന്നതയും മുഖമുദ്രയായ ഒരു ഭൂതകാലരാഷ്ട്രീയത്തിന്റെ അവസാനകണ്ണിയായി സാധാരണ ജനം ഗൃഹാതുരതയോടെ അദ്ദേഹത്തെ ആരാധിച്ചു.

ഇരുളടഞ്ഞ ആകാശത്ത് മങ്ങിതിളങ്ങുന്ന നക്ഷത്രവും ജാജ്ജ്വല്യമാനമാകുന്നതുപോലെ വർത്തമാനകാല ജീർണ്ണതകൾക്ക് നടുവിൽ രാഷ്ട്രീയധാർമ്മികതയെ ഉയർത്തിപ്പിടിച്ചതാണ് പാർട്ടിക്ക് അനഭിമതനായിരുന്നപ്പോഴും വി.എസ്സിന് ലഭിച്ച വിസ്മയകരമായ ജനപ്രിയത.
മുഖ്യമന്ത്രിയോ മന്ത്രിയോ ഒന്നുമായിട്ടില്ലെങ്കിലും ധാർമ്മിക നിലപാടുകളിലൂടെ ജനപ്രീതിയാർജ്ജിച്ച പി.ടി. തോമസ് എന്ന നേതാവിന് ജനങ്ങൾ നൽകിയ വ്യത്യസ്തമായ യാത്ര അയപ്പും കേരളം കണ്ടതാണ്. അധികാരം കൊണ്ടല്ല കാരുണ്യം കൊണ്ട്, വിനയം കൊണ്ട് മറ്റുള്ളവരുടെ വേദന തന്റേതായി കണ്ടുകൊണ്ടാണ് ഉമ്മൻചാണ്ടി ജനങ്ങളുടെ മനസ്സിലിടം നേടിയത്. പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ കൊണ്ട് അധികാരം ലഭിക്കുമായിരിക്കാം. പക്ഷേ ജനങ്ങളുടെ മനസ്സിൽ ഇത്ര ആഴത്തിൽ ഇടം ലഭിക്കില്ല.

കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ എഴുതി, 'ആൾക്കൂട്ടങ്ങളുടെ ആവലാതികൾക്കിടയിൽ പ്രകാശം ചൊരിയുന്ന വിളക്കുമരമായിരുന്നു ഉമ്മൻചാണ്ടിയെങ്കിൽ, ആൾക്കൂട്ടവും ആരവുമില്ലാതെ കാർക്കശ്യത്തിൽ പൊതിഞ്ഞ കമ്മ്യൂണിസ്റ്റ് മുഖമായിരുന്നു വി.എസും വെളിയവും. കോൺഗ്രസോ കമ്മ്യൂണിസ്റ്റോ ആയതുകൊണ്ടല്ല ഉമ്മൻചാണ്ടിയും നായനാരും വെളിയവും വി.എസുമൊക്കെ കാലത്തെ തോൽപ്പിക്കുന്ന ചുവർചിത്രമായി മലയാളിയുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നത്... ചുറ്റുമുള്ളവരും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് വേലിക്കെട്ടുകളില്ലാതെ മനുഷ്യർക്കിടയിൽ അവർ ജീവിച്ചതുകൊണ്ടുമാത്രമാണ്...'

വി.എസിന്റെ അന്ത്യയാത്രയുടെ സന്ദർഭത്തിൽ അന്ധമായ കക്ഷിരാഷ്ട്രീയമനോഭാവത്തിൽ വി.എസിനെയും ചാണ്ടിയെയും സമൂഹമാധ്യമങ്ങളിൽകൂടി താരതമ്യം നടത്തി ഒരാളെ ഇകഴ്ത്താനും അവഹേളിക്കാനും ചില വിവരദോഷികൾ നടത്തിയ ഹീനമായ നടപടിക്കുള്ള ഉചിതമായ മറുപടി എന്ന നിലയിലാണ് ഇവരുടെ വാക്കുകൾ ഈ മുഖക്കുറിപ്പിൽ എടുത്തുകൊടുക്കുന്നത്. മൂത്രപ്പുരയുടെ ചുവരിൽ അശ്ലീലം വരച്ചും എഴുതിയും വയ്ക്കുന്നവരുടെ മാനസികാവസ്ഥയിൽ സാമൂഹ്യമാധ്യമങ്ങളിൽ വിഹരിക്കുന്നവരുണ്ട്. ആ നിലയിലേക്ക് കക്ഷിരാഷ്ട്രീയവിധേയത്വം തലയ്ക്ക് പിടിച്ച, ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്ന ചിലരും അധഃപതിക്കുന്നത് കഷ്ടം തന്നെ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.