11:50pm 06 November 2026
NEWS
ഒരു തെരഞ്ഞെടുപ്പ് അനുഭവം: നേരിട്ട ക്ലേശങ്ങളും സമ്മർദ്ദവും സാമ്പത്തിക നഷ്ടവും
29/03/2026  08:20 AM IST
ചവറ സുരേന്ദ്രൻപിള്ള
ഒരു തെരഞ്ഞെടുപ്പ് അനുഭവം: നേരിട്ട ക്ലേശങ്ങളും സമ്മർദ്ദവും സാമ്പത്തിക നഷ്ടവും

തൊള്ളായിരത്തി എഴുപതുകളിൽ എൻ.എസ്.എസ് ആരംഭിച്ച സാമ്പത്തിക സംവരണ പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ 1974 -ൽ നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് (എൻ.ഡി.പി) രൂപം നൽകിയപ്പോൾ അതിന്റെ വിദ്യാർഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന്റെ (ഡി.എസ്.യു ) സംസ്ഥാന സ്ഥാപക സെക്രട്ടറിയായിരുന്നു ഞാൻ. അന്നത്തെ എൻ.എസ്.എസ്.പ്രസിഡന്റായിരുന്ന അഡ്വ. കളത്തിൽ വേലായുധൻനായരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഡി.എസ്.യു. രൂപവൽക്കരിക്കാൻ കഴിഞ്ഞത്. കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയായിരുന്നു എൻ.എസ്.എസ്. ജനറൽ സെക്രട്ടറി. അയർക്കുന്നം രാമൻനായർ, നൂറനാട് രഘുവരൻ, സോമശേഖരൻനായർ , പ്രേംചന്ദ് മാവേലി തുടങ്ങിയവരായിരുന്നു എന്നോടൊപ്പം നേതൃത്വത്തിൽ ഉണ്ടായിരുന്ന മറ്റു ചിലർ. സംസ്ഥാനത്തെ ഏകദേശം എല്ലാ ജില്ലകളിലെയും കോളേജുകളിൽ ഡി.എസ്.യുവിന്റെ യൂണിറ്റുകൾ രൂപികരിക്കാൻ കഴിഞ്ഞിരുന്നു.   
                                                    
കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം ചവറയിൽ പാരലൽ കോളേജ് നടത്തി വരുകയായിരുന്ന ഞാൻ താലൂക്കിൽ എൻ.ഡി.പി രൂപീകരിച്ചപ്പോൾ അതിന്റെ താലൂക്ക് സെക്രട്ടറിയായി. എൻ.എസ്.എസ്. കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്ന കുറ്റിക്കാട്ട് നാരായണപിള്ളയായിരുന്നു പ്രസിഡന്റ്. 1976 -ലെ നിയോജക മണ്ഡല അതിർത്തി നിർണയ പ്രകാരം 1977 ൽ രൂപീകരിച്ചതാണ് ചവറ അസംബ്ലി മണ്ഡലം. ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനിലെ ശക്തികുളങ്ങര, രാമൻകുളങ്ങര ഭാഗങ്ങളിലെ ഏഴ് ഡിവിഷനുകളും ചേർത്തായിരുന്നു 1977-ൽ ചവറ നിയോജക മണ്ഡലം രൂപീകരിച്ചത്. അതിനു മുമ്പ് ഈ അഞ്ചു പഞ്ചായത്തുകളും കരുനാഗപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായിരുന്നു.    
                    
1977 ൽ രണ്ട് രാഷ്ട്രീയ മുന്നണികൾ തമ്മിലായിരുന്നു മത്സരം. കോൺഗ്രസ്, സി.പി.ഐ, മുസ്ലീം ലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ് എന്നീ അഞ്ച് അംഗീകൃത രാഷ്ട്രീയ കക്ഷികളും പി.എസ്.പിയും പുതിയ കക്ഷിയായ എൻ.ഡി .പിയും ഉൾപ്പെട്ട ഭരണമുന്നണിയായിരുന്നു ഒരു പക്ഷത്ത്. സി.പി.എം, ജനതാപാർട്ടി, ആൾ ഇന്ത്യ മുസ്ലീം ലീഗ്, കേരളാ കോൺഗ്രസ് (പിള്ള) എന്നീ നാല് അംഗീകൃത രാഷ്ട്രീയ കക്ഷികളും കോൺഗ്രസ് റാഡിക്കൽ, കെ.എസ്.പി, നാഷണൽ ആർ.എസ്.പി. എന്നിവയും ഉൾപ്പെട്ടതായിരുന്നു പ്രതിപക്ഷ മുന്നണി. സീറ്റ് തർക്കത്തെ തുടർന്ന് എൻ.ഡി.പി. ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ മണ്ഡലങ്ങളിലെല്ലാം എൻ.ഡി.പി. സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകാൻ നിർദ്ദേശിക്കപ്പെട്ടു. അതനുസരിച്ച് ഞാൻ ചവറയിൽ നോമിനേഷൻ നൽകി. അന്ന് വോട്ടിംഗ് പ്രായം 21 ഉം മത്സരിക്കാനുള്ള പ്രായം 25 ഉം ആയിരുന്നു. നോമിനേഷൻ കൊടുത്തപ്പോൾ 25 വയസ്സ് പൂർത്തിയായിട്ട് ഒരു മാസമേയായിരുന്നുള്ളു. ചുവരെഴുത്തുകൾ നടത്തി പ്രവർത്തനവും ആരംഭിച്ചു.         
                          
എന്നാൽ നോമിനേഷൻ ഫയൽ ചെയ്യുന്ന അവസാന ദിവസത്തിന്റെ തലേദിവസം എൻ.ഡി.പി. കോൺഗ്രസ് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഉന്നതതല ചർച്ചയെ തുടർന്ന് മത്സരിക്കാനായി എൻ.ഡി.പി ക്ക് എട്ട് സീറ്റുകൾ ലഭിച്ചു. (ഇതിൽ അഞ്ചെണ്ണത്തിൽ വിജയിക്കാൻ കഴിഞ്ഞു). എട്ടിൽ രണ്ടെണ്ണം യുവനേതാക്കളായ അയർക്കുന്നം രാമൻനായർക്കും എനിക്കും തരണമെന്നാവശ്യമുന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് അയർക്കുന്നം രാമൻനായർ പുതുപ്പള്ളി മണ്ഡലത്തിലും, ജി. ദാസപ്പൻപിള്ള ഹരിപ്പാട്ടും, ജോർജ് ജോസഫ് പൊടിപ്പാറ ഏറ്റുമാനൂരും, തിരുവാർപ്പ് പരമേശ്വരൻ പിള്ള കോട്ടയത്തും, ഞാൻ ചവറയിലും മത്സരിച്ചു.  
                                                                
മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും കാവനാട്ടും എൻ.ഡി.പി. പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ച് എനിക്കു വേണ്ടി പ്രവർത്തിക്കാനിറങ്ങി. കാഥികനും സിനിമാ നടനുമായിരുന്ന കാവനാട് ചന്ദ്രനായിരുന്നു കോർപ്പറേഷൻ ഡിവിഷനുകളിലെ കൺവീനർ. ഉദയസൂര്യനായിരുന്നു എന്റെ ചിഹ്നം. രാഷ്ട്രീയ ചരിത്രത്തിലെ അതികായനും 'കേരള കിസിഞ്ജർ' എന്നു വിശേഷണവുമുള്ള ആർ.എസ്.പി.നേതാവ് ബേബി ജോണായിരുന്നു ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി. എ. നൂറുദ്ദീൻകുഞ്ഞ് ഇടതുപക്ഷ സ്വതന്ത്രനും ആയിരുന്നു. 1977 മാർച്ച് 22 നായിരുന്നു പോളിങ്. എന്റെ കന്നി വോട്ട് എനിക്കു തന്നെ രേഖപ്പെടുത്താൻ കഴിഞ്ഞതും അന്നാണ്.                                                                  
എന്റെ പിതാവ് പി.എൻ. വാസുദേവൻ പിള്ള (പച്ചക്കുളം) മുൻ പഞ്ചായത്ത് മെമ്പറും അബ്കാരി കോൺട്രാക്ടറും മുൻ എം എൽ എ  എൻ.വിജയൻപിള്ളയുടെ പിതാവുമായ മെമ്പർ നാരായണപിള്ളയുടെ ഏറെക്കാലത്തെ മാനേജരുമായിരുന്നു. ബേബിസാറും മെമ്പറദ്ദേഹവും ഉറ്റ ചങ്ങാതിമാരും ഒരേ രാഷ്ട്രീയക്കാരുമായിരുന്നു. അതുകൊണ്ടു തന്നെ എന്നെ മത്സരത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ബേബിസാർ മെമ്പറദ്ദേഹത്തെക്കൊണ്ടൊരു ശ്രമം നടത്തി. എന്നാൽ 'ഞാനിപ്പം ജയിച്ചു കളയും' എന്ന വിവരക്കേടിന് അടിമയായതിനാൽ പിന്മാറാതെ മത്സരത്തിൽ തന്നെ ഉറച്ചു നിന്നു പ്രവർത്തനം തുടർന്നു. മത്സരത്തിൽ നിന്നു പിന്മാറാൻ എന്നെ അച്ഛൻ നിർബന്ധിച്ചില്ല എന്നു മാത്രമല്ല, വേണ്ടത്ര സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു. എല്ലാ ദിവസവും വോട്ട് അഭ്യർഥിക്കാൻ പോകുന്നവർക്ക് മൂന്നു നേരവും ഭക്ഷണം നൽകാൻ എന്റെ അമ്മയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.    
                  
ആറു പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ബേബിജോണിനെതിരെ 1977 ൽ മത്സരിച്ചത് യുവത്വത്തിന്റെ പക്വതയില്ലായ്മയായി പിന്നീട് തോന്നിയിരുന്നു. ആ തെരഞ്ഞെടുപ്പിൽ അനുഭവിച്ച ക്ലേശങ്ങളും മാനസിക സമ്മർദ്ദവും സാമ്പത്തിക നഷ്ടവും ഏറെയായിരുന്നു. പത്ത് സെന്റ് നിലവും ഒരു സ്വർണ മോതിരവും ഇലക്ഷൻ ചെലവിനായി വിൽക്കേണ്ടിയും വന്നു. ഏതെങ്കിലും ഒരു ഈർക്കിൽ പാർട്ടിയുടെയെങ്കിലും പിന്തുണയില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽപ്പോലും സ്വതന്ത്രനായി മത്സരിക്കാനിറങ്ങുന്നത് വിഡ്ഢിത്തമാണന്നുള്ള പാഠവും 1977 ലെ തെരഞ്ഞെടുപ്പിൽ നിന്നും ഞാൻ മനസ്സിലാക്കി. ആകെ പോൾ ചെയ്ത 62068 വോട്ടുകളിൽ 36892 വോട്ടുകൾ നേടി ബേബിജോൺ വിജയിച്ചു. 

1977 ൽ ബോംബെയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'മനോരസം' എന്ന ദ്വൈവാരികയിൽ എഡിറ്ററായി ജോലി കിട്ടിയതോടെ 1982 വരെയും അവിടമായിരുന്നു പിന്നീടുള്ള ലാവണം. 1983 ൽ പരുമല ദേവസ്വം ബോർഡ് കോളേജിൽ ലൈബ്രേറിയനായി ജോലി ലഭിക്കുകയും, തുടർന്ന് 1984 ൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൽ ഉദ്യോഗസ്ഥനാകുകയും ചെയ്തതോടെ എന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിക്കുകയും ചെയ്തു.                                 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img