03:27am 01 May 2026
NEWS
പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ആമി
30/04/2026  06:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ആമി
HIGHLIGHTS

ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, സിസ്റ്റര്‍  അല്‍ഫോന്‍സ, നിഷിത, അമാന, മനോജ്, ഫാ. പോള്‍ കരേടന്‍, ഫാ. വര്‍ഗീസ് അമ്പലത്തിങ്കല്‍, വി.ആര്‍. രാജേഷ്

കൊച്ചി: പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ആമി (അമാന മെഹനാസ്, 14) ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടും ചുവട് വയ്ക്കും. ദുബായിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമാനയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ നടന്ന വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം എറണാകുളം ലിസി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതു ജീവനേകിയത്.മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ അമാനക്ക് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹൃദയ സംബന്ധമായ തകരാര്‍ കണ്ടെത്തിയത്. ഹൃദയത്തിന്റെ വലതു വശത്തെ അറകള്‍ ക്രമാതീതമായി വികസിക്കുന്ന അസുഖമായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷത്തോളം മരുന്നുകള്‍ കൊണ്ട് ചികിത്സ മുന്നോട്ട് കൊണ്ടുപോയെങ്കിലും പിന്നീട് ആരോഗ്യം മോശമായതിനാല്‍ ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ലിസി ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഹൃദയം വേഗത്തില്‍ ലഭിക്കുവാനുള്ള  സാധ്യത തേടി ചെന്നൈയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.ഏപ്രില്‍ 8 ന് രാത്രിയോടെ കെ-സോട്ടോയില്‍ നിന്നും അവയവദാനത്തിന്റെ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അമാനയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ വിമാന മാര്‍ഗ്ഗം ചെന്നൈയില്‍ നിന്നും രാവിലെ ലിസി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു.9 ന് പുലര്‍ച്ചെ നാല് മണിയോടെ ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുണ്‍ ജോര്‍ജ് എന്നിവരുടെ നേത്യത്വത്തിലുള്ള മെഡിക്കല്‍ സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെടുകയും അവിടെയെത്തി വൈകാതെ തന്നെ ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍ വാടകക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്ററില്‍ ഉച്ചക്ക് 1.45 ന് തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായി പുറപ്പെട്ട മെഡിക്കല്‍ സംഘം 2.40 ന് ഗ്രാന്റ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപ്പാടില്‍ എത്തിച്ചേരുകയും പോലീസ് സേന ഒരുക്കിയ ഗ്രീന്‍ കോറിഡോറിലൂടെ നാല് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. 5.30-ഓടെ ഹൃദയം വീണ്ടും സ്പന്ദിച്ചു തുടങ്ങി. 9 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.അമാനയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണെന്നും വൈകാതെ തന്നെ സാധാരണ ജീവിതം നയിക്കുവാനും പഠനം തുടരുവാനും സാധിക്കുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്‌ക്കര്‍ രംഗനാഥന്‍, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. പി. മുരുകന്‍, ഡോ.ജോബ് വില്‍സണ്‍, ഡോ.ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. അരുണ്‍ ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്,  സൗമ്യ സുനീഷ് തുടങ്ങിയവര്‍ ശസ്ത്രക്രിയയിലും തുടര്‍ ചികിത്സയിലും പങ്കാളികളായിരുന്നു.മാനേജിംഗ് ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ മധുരം പങ്കിട്ടാണ് അമാനയെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. അമാനയുടെ ആഗ്രഹം പോലെ തന്നെ ഒരു കാര്‍ഡിയോളജിസ്റ്റ് ആയി തീരുവാന്‍ സാധിക്കട്ടെ എന്ന് ഫാ. പോള്‍ കരേടന്‍ ആശംസിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, ജോയിന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് അമ്പലത്തിങ്കല്‍, ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. അവയവദാനത്തിന് തയ്യാറായ ജയിയുടെ കുടുംബത്തിന് അമാന നന്ദി പറഞ്ഞു. സൗജന്യമായി ഹെലികോപ്റ്റര്‍ വിട്ടു നല്‍കിയ സംസ്ഥാന സര്‍ക്കാരിനും, മന്ത്രി പി രാജീവിനും, പോലീസ് സേനക്കും, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും അമാനയുടെ മാതാപിതാക്കള്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി. ജോലി സംബന്ധമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കുടുംബം ഇപ്പോള്‍ ദുബായിലാണ് താമസം. അമാനയുടെടേത് ലിസി അശുപത്രിയിലെ 32-മത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. ഒന്‍പത് തവണയും വ്യോമ മാര്‍ഗ്ഗമാണ് ഹൃദയം എത്തിച്ചത്. പൂര്‍ണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റര്‍ സേവനം സര്‍ക്കാര്‍ വിട്ടു നല്‍കിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img