10:47pm 09 November 2026
NEWS
മെട്രോസ്റ്റേഷനിൽ അമുൽ ഔട്ട്‌ലെറ്റ്‌ ; വിമർശനം ശക്തമായതോടെ ഡി കെ ശിവകുമാർ ഇടപെടുന്നു
19/06/2025  12:56 PM IST
വിഷ്ണുമംഗലം കുമാർ
മെട്രോസ്റ്റേഷനിൽ അമുൽ ഔട്ട്‌ലെറ്റ്‌ ; വിമർശനം ശക്തമായതോടെ ഡി കെ ശിവകുമാർ ഇടപെടുന്നു

ബംഗളുരു: കർണാടകത്തിന്റെ സ്വന്തം ബ്രാൻഡാണ് നന്ദിനി. സംസ്ഥാനത്തെ മിൽക്ക് സൊസൈറ്റികളുടെ ഫെഡറേഷനാണ് നന്ദിനി പാലിന്റെയും അനുബന്ധ വസ്തുക്കളുടെയും ഉൽപ്പാദകർ. മലയാളികൾക്ക് മിൽമ പോലെ കന്നഡിഗരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് നന്ദിനി. ജനപ്രീതിയും ഗുണമേന്മയുമുള്ള ഉൽപ്പന്നം. അരനൂറ്റാണ്ടിലേറെ കാലമായി നന്ദിനി കന്നഡനാട്ടിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നുണ്ട്. 2023 ലെ നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ്  ഗുജറാത്തിലെ അമുൽ കർണാടകത്തിലേക്ക് കടന്നുവന്നപ്പോൾ അന്നത്തെ പ്രതിപക്ഷമായിരുന്ന കോൺഗ്രസ്സ്, ബിജെപി ഗവണ്മെന്റിനെ കുറ്റപ്പെടുത്തിയിരുന്നു. അമുലിന് എതിരായ പ്രതിഷേധത്തിൽ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആയിരുന്നു മുന്നിൽ. വിപണികൾക്ക് അതിരിടാൻ സാങ്കേതിക ബുദ്ധിമുട്ടുകളുള്ള ഗ്ലോബലൈസേഷന്റെ പുതിയകാലത്ത് ഏത് ഉൽപ്പന്നത്തിനും എവിടേക്കും കടന്നുചെല്ലാനാവും. പ്രതിഷേധങ്ങൾ കൊണ്ട് അത് തടയുക എളുപ്പമല്ല. അപ്പോഴും രാഷ്ട്രീയമായി ചേരിതിരിഞ്ഞുള്ള എതിർപ്പും വിമർശനവും തുറന്നുകാട്ടലും തുടരും. അമുൽ ഉൽപ്പന്നങ്ങളുടെ ഔട്ട്‌ലെറ്റുകൾ ഇക്കഴിഞ്ഞ ദിവസം ബംഗളുരുവിലെ രണ്ട് മെട്രോ സ്റ്റേഷനുകളിൽ തുറന്നു പ്രവർത്തനമാരംഭിച്ചത് പ്രതിപക്ഷപാർട്ടികളായ ബിജെപിയും ജെഡിഎസും ശിവകുമാറിനെ തിരിച്ചടിക്കാനുള്ള വടിയായി ഉപയോഗിച്ചു. മെട്രോ ഉൾപ്പെടെ ബംഗളുരു നഗരവികസനത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിയാണ് ശിവകുമാർ. നന്ദിനിയെ മറന്നു  അമുലിന് ചുവപ്പ് പരവതാനി വിരിച്ചതിന് പിന്നിൽ കമ്മീഷൻ ഏർപ്പാടുണ്ടോ എന്ന് പ്രതിപക്ഷം ശിവകുമാറിനോട് ചോദിച്ചു. അമുലിന്റെ ഉൽപ്പാദകരും മെട്രോ റെയിൽ കോർപറേഷനും തമ്മിൽ പത്തു സ്റ്റേഷനുകളിൽ ഔട്ട്‌ലെറ്റ് തുറക്കാൻ കരാറൊപ്പിട്ടിട്ടുണ്ട്. അതിൽ രണ്ടെണ്ണമാണ് തുറന്നത്. ബാക്കിയും ഉടനെ തുറക്കും. കന്നഡത്തിന്റെ സ്വന്തം നന്ദിനിയെ കോൺഗ്രസ്സ് കുഴിച്ചുമൂടുകയാണോ എന്ന് പ്രതിപക്ഷം ചോദിക്കുമ്പോൾ ശിവകുമാർ പ്രതിരോധത്തിലാകുന്നു.  "നമുക്ക് അമുൽ വേണ്ട, നമ്മുടെ 70 ലക്ഷം ക്ഷീരകർഷകർ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി മതി" എന്ന് മുമ്പ് പറഞ്ഞ നേതാവാണ് ശിവകുമാർ. വിമർശനം ശക്തിപ്പെട്ടതിനാൽ പത്ത് മെട്രോ സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ തുറക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img