ശർക്കരയിൽ നിന്നുണ്ടാക്കിയ പുതിയ റം പുറത്തിറക്കി അമൃത് ഡിസ്റ്റിലറീസ്. ബെല്ല എന്ന പേരിലാണ് പുതിയ റം പുറത്തിറക്കിയിരിക്കുന്നത്. ആറു വർഷത്തോളം ബർബൺ ബാരലുകളിൽ സംഭരിച്ച് തയ്യാറാക്കിയിരിക്കുന്ന ഇത് ലോകത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ റം ആണെന്ന് കമ്പനി അവകാശപ്പെടുന്നു. ഫലഭൂയിഷ്ഠമായ സഹ്യാദ്രി പർവതനിരകളിൽ നിന്നും മാണ്ഡ്യയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പോഷക സമ്പുഷ്ടമായ ശർക്കരയിൽ നിന്നാണ് ബെല്ല നിർമ്മിക്കുന്നത്. കന്നടയിൽ ബെല്ല എന്നാൽ ശർക്കര എന്നാണർത്ഥം.
1948 ൽ സ്ഥാപിച്ച കമ്പനിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് അമൃത് ഡിസ്റ്റിലറീസ് ബെല്ല പുറത്തിറക്കിയത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തോടുള്ള ആദരസൂചകമായാണ് പുതിയ ഉത്പന്നമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കിക്ക് 2019 ൽ, "വേൾഡ് വിസ്‌കി ഓഫ് ദ ഇയർ അവാർഡും" സാൻ ഫ്രാൻസിസ്കോയിൽ നടന്ന 2019 ബാർട്ടെൻഡർ സ്പിരിറ്റ്സ് അവാർഡിൽ "വേൾഡ് വിസ്കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ" അവാർഡും ലഭിച്ചതോടെ അമൃതിൻറെ പ്രശസ്തി ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിച്ചു. ഇന്ന് ജപ്പാൻ, നെതർലാൻഡ്‌സ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്വാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസ് അമൃത് സിംഗിൾ മാൾട്ട് വിസ്കി വിൽക്കുന്നുണ്ട്.