
ദോഹ/ലണ്ടൻ: ലോകക്രമത്തെ തകർക്കുന്ന 'ക്രൂരരായ വേട്ടക്കാർ' (Predatory world order) എന്ന് അമേരിക്കയെയും ഇസ്രായേലിനെയും റഷ്യയെയും വിശേഷിപ്പിച്ച് ആംനസ്റ്റി ഇന്റർനാഷണൽ. ആഗോള മനുഷ്യാവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര നിയമങ്ങളെ ഈ രാജ്യങ്ങൾ തകർക്കുകയാണെന്ന് ആംനസ്റ്റി സെക്രട്ടറി ജനറൽ ആഗ്നസ് കാലമാർഡ് കുറ്റപ്പെടുത്തി.
സംഘടനയുടെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ഗാസയിലെയും ഉക്രെയ്നിലെയും സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും വിമർശനം ഉന്നയിച്ചത്.സിവിലിയന്മാർക്ക് നേരെ ഭയാനകമായ രീതിയിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്ന രാജ്യങ്ങൾ ഒരു ശിക്ഷയും നേരിടാതെ രക്ഷപ്പെടുകയാണെന്ന് ആംനസ്റ്റി ആരോപിച്ചു. ഇത് ആഗോള മനുഷ്യാവകാശ വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമാകുന്നു.ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് യുഎസ് നൽകുന്ന പിന്തുണയെ റിപ്പോർട്ട് ശക്തമായി വിമർശിക്കുന്നു. മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും ക്രൂരമായ അധിനിവേശങ്ങൾക്ക് കുടപിടിക്കുന്ന അമേരിക്കൻ നിലപാട് ഇരട്ടത്താപ്പാണെന്ന് കാലമാർഡ് പറഞ്ഞു.ഉക്രെയ്നിൽ റഷ്യ തുടരുന്ന ആക്രമണങ്ങളെയും സിവിലിയൻ കേന്ദ്രങ്ങൾ തകർക്കുന്നതിനെയും റിപ്പോർട്ട് അപലപിച്ചു.
വൻശക്തി രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്കായി വളച്ചൊടിക്കുകയാണ്. യുദ്ധക്കുറ്റങ്ങൾ ചെയ്യുന്നവർ നിയമത്തിന് മുന്നിൽ കൊണ്ടുവരപ്പെടുന്നില്ല എന്നത് ആശങ്കാജനകമാണെന്നും ആംനസ്റ്റി വ്യക്തമാക്കി.
ശക്തരായ രാജ്യങ്ങൾ നിയമങ്ങൾ കാറ്റിൽ പറത്തുമ്പോൾ ലോകം കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ആഗോള സമൂഹം ഒന്നിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.











