
സ്‌കോളേഴ്‌സ് എന്ന നിലയിൽ മതിപ്പുവിലയുള്ള പല വിദ്വാന്മാരുടെയും ഉള്ളിൽ സവർണ്ണബോധവും അല്പത്തരവും തൊഴിൽ അസൂയമൊക്കെ കറപിടിച്ചിരിക്കുന്നുണ്ടാ വാം. ചില സന്ദർഭങ്ങളിൽ അവരുടെ പ്രവൃത്തികൾ ഇതിനു ദൃഷ്ടാന്തമാകും. കേരള യൂണിവേഴ്‌സിറ്റിയിലെ വിപിന് പിഎച്ച്ഡി അവാർഡ് ചെയ്യുന്നതിനെതിരെ ചാടി പുറപ്പെട്ട ഡീനിൽ ജാതിവെറിയോ രാഷ്ട്രീയപ്പകയോ കാണാം. അതൊരു ഗൂഢാലോചനയായി ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു.
തൊഴിൽപരമായ അസൂയ, മുൻകാല വൈരാഗ്യം, ഇഷ്ടക്കാരെ തൃപ്തിപ്പെടുത്തൽ ഇവയൊക്കെയും തടസ്സപ്പെടുത്തലുകൾക്കു കാരണമാകാം..
ഒരു ഗവേഷക വിദ്യാർഥിയുടെ പി എച്ച് ഡി സ്വപ്നത്തെ തകർക്കാൻ വി.സിയും രജിസ്ട്രാറും ശ്രമിച്ചതിന്റെ ഒരു ഉദാഹരണം കേരള കലാമണ്ഡലം സർവകലാശാലയിൽ എനിക്കനുഭവമുണ്ട്. .ഞാൻ എക്‌സിക്യൂട്ടീവ് ബോർഡ് മെമ്പറായിരിക്കുന്ന 2022 വർഷം പകുതിയോടെയാണ് അന്താരാഷ്ട്ര പ്രശസ്തനായ കൂടിയാട്ടം കലാകാരൻ അമ്മന്നൂർ രജനീഷ് ചാക്യാരുടെ പിഎച്ച്ഡി അവാർഡു ചെയ്യാൻ അനുമതിക്കായുള്ള ഫയൽ ബോർഡ് ഓഫ് മാനേജ്‌മെൻറ് മുൻപാകെ വരുന്നത്. ഇതൊരു ഫോർമാലിറ്റി മാത്രമാണ്. അജണ്ടയിൽ ഈ വിഷയം വന്ന സമയം അധ്യക്ഷനായിരിക്കുന്ന അന്നത്തെ താൽക്കാലിക വൈസ് ചാൻസലർ ഡോ. എം വി നാരായണൻ പിഎച്ച്ഡി നൽകുന്നതിനെതിരെ ഒരു വിഷയം ഉന്നയിച്ചു പ്രബന്ധത്തെക്കുറിച്ചു ചില വാർത്തകൾ പത്രത്തിൽ വന്നുവെന്നും, ചിലർ വിളിച്ചു പരാതിപ്പെട്ടെന്നും അത് പരിശോധിച്ചതിനുശേഷം മതി പിഎച്ച്ഡി നൽകാൻ എന്നുമായിരുന്നു താത്ക്കാലിക വിസിയുടെ പോയിന്റ്. ഓപ്പൺ ഡിഫൻസ് വേളയിൽ ഉന്നയിക്കപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങൾ, ഉന്നയിച്ചവർ തന്നെയാകണം, വ്യക്തിഹത്യാതാല്പര്യത്തോടെ അത് പത്രവാർത്തയാക്കിയത്. ഇവക്കെല്ലാം ഓപ്പൺഡിഫൻസിൽ തന്നെ വിശദീകരണം വന്നുവെന്നതു പത്രക്കാർക്ക് അറിയില്ലല്ലോ.
എക്‌സ്‌പെർട്ടുകൾ പരിശോധിച്ചു ഓപ്പൺ ഡിഫൻസ് കഴിഞ്ഞു അവിടെ വെച്ചുതന്നെ പിഎച്ച്ഡി കൊടുക്കാൻ തീരുമാനമെടുത്തു പ്രഖ്യാപിക്കുക തുടങ്ങിയ പ്രക്രിയകൾ കഴിഞ്ഞതിനു ശേഷം ഡോക്ടറേറ്റ് അവാർഡ് ചെയ്യുന്നതിനെതിരെ നിലപാടെടുക്കുന്നതിന് ഒരു ന്യായവുമില്ല.
കലാമണ്ഡലം കല്പിതസർവ്വകലാശാലയിൽ ഗവേഷണം തുടങ്ങിയ ശേഷം ഇത്തരം ഒരനുഭവം എന്റെ അറിവിലില്ല. മറ്റു സർവ്വകലാശാലകളിലും കാണില്ല. കാരണം വിസിക്കോ സിൻഡിക്കേറ്റിനോ അത്തരം ഒരധികാരമില്ല. പത്രവാർത്തകളും വ്യക്തിവിദ്വേഷ കലുഷിതമായ ചെവി കടിക്കലുകളുമല്ല, നിയമങ്ങളും നടപടിക്രമങ്ങളുമായിരിക്കണം ഇത്തരം കാര്യങ്ങളിൽ മാനദണ്ഡം. യുജിസി പ്രകാരമുള്ള റിസർച്ച് ഗൈഡ്‌ലൈൻസ് അനുസരിച്ച് ബോർഡ് ഓഫ് മാനേജ്‌മെന്റിന് ഇത്തരത്തിൽ ഒരു ഇടപെടലിന്റെ ആവശ്യമേയില്ലെന്നു ആ കമ്മിറ്റിയിൽ ശക്തമായി തന്നെ ഞാൻ പറഞ്ഞിരുന്നു. ഞാനിപ്രകാരം അഭിപ്രായം പറഞ്ഞെങ്കിലും താത്ക്കാലിക വിസി വഴങ്ങിയില്ല. കമ്മിറ്റിയിൽ വലിയ കലാകാരന്മാരും മറ്റുമുണ്ടെങ്കിലും ഇത്തരം കാര്യങ്ങളിലുള്ള അറിവു കുറഞ്ഞതുകൊണ്ടാകാം അവർ നിശ്ശബ്ദരായിരുന്നു. പലപ്പോഴും പണ്ഡിതന്മാർ എന്ന് നമ്മൾ വിചാരിക്കുന്നവരുടെ മനസ്സിലിരിപ്പ് വെളിപ്പെട്ടുവരുന്ന ചില സന്ദർഭങ്ങളുണ്ടാവും. മാത്രവുമല്ല, എക്‌സിക്യുട്ടീവ് യോഗത്തിലെ ചുരുങ്ങിയ കാലയളവുകൊണ്ട് ഈ താത്ക്കാലിക വിസി സ്ഥാനത്തിരിക്കുന്ന കലാപണ്ഡിതമ്മന്യന് സർവ്വകലാശാലാ നിയമങ്ങളെക്കുറിച്ചോ, കലാമണ്ഡലം ഭരണക്രമത്തെക്കുറിച്ചോ ചുക്കും ചുണ്ണാമ്പുമറിയില്ലെന്നു എനിക്കു മനസ്സിലായി. മറ്റു ചില കാര്യങ്ങളിൽ പണ്ഡിതനാണെന്നതിൽ ഞാൻ തർക്കത്തിനില്ല താനും.
എക്‌സിക്യുട്ടീവ് ബോർഡിൽ തുടരാത്തതുകൊണ്ട് പിന്നെന്തു സംഭവിച്ചെന്നറിഞ്ഞില്ല. ഞാൻ പിന്നീടു മനസ്സിലാക്കിയത് പത്തു മാസം കഴിഞ്ഞിട്ടാണ് ഈ അതുല്യ കലാകാരന് അവിടുന്ന് പി എച്ച് ഡി അവാർഡ് ചെയ്തതെന്നാണ്. പലതരത്തിലുള്ള സമ്മർദ്ദങ്ങൾ ചെലുത്തിയിട്ടും നടക്കാതെ അവസാനം ഇയാൾക്ക് ഹൈക്കോടതി വക്കീൽ മുഖേനെ കലാമണ്ഡലത്തിനു നോട്ടീസയക്കേണ്ടിവന്നു. ഇല്ലാക്കാരണം പറഞ്ഞ് തന്റെ പ്രബന്ധം പിടിച്ചുവെച്ച നിലയ്ക്ക് കലാമണ്ഡലത്തിലെ അവാർഡ് ചെയ്ത മുഴുവൻ പ്രബന്ധങ്ങളും റിവ്യൂ ചെയ്യണമെന്നും, അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും നോട്ടീസിലുണ്ടായിരുന്നു. അതിനു ശേഷമാണ് രജനീഷിന്റെ പിഎച്ച്ഡി തീരുമാനമാക്കിയത്. 10 മാസം വെച്ചു താമസിപ്പിച്ച കാലയളവിൽ ഗവേഷകനായ കലാകാരനനുഭവിച്ച മാനസികവ്യഥ എത്രയെന്നു ആലോചിച്ചു നോക്കൂ ! മാത്രമല്ല അവിടുത്തെ ഒരു ഭരണധുരന്ധരൻ ഈ അതുല്യ കലാകാരനെ കടുത്ത ഭാഷയിൽ അപമാനിക്കുകയും ചെയ്തുവത്രെ! വിവരാവകാശത്തിനും മറ്റും കത്തയച്ച് ഓഫീസിനു പണിയുണ്ടാക്കിയതും നോട്ടീസയച്ചതും കുറ്റം. എട്ടൊമ്പതു വർഷം ഒരു കലാകാരൻ കഷ്ടപ്പെട്ടു നേടിയ പിഎച്ച്ഡി പ്രബന്ധം തടഞ്ഞുവെച്ചതോ? ഇതേക്കുറിച്ചു കൂടുതൽ പറയേണ്ടത് ഡോ.അമ്മന്നൂർ രജനീഷ് തന്നെയാണ്. കലയ്ക്കും കലാകാരനും വേണ്ടിയാണു ആ സ്ഥാപനമെന്ന് കസേരയിൽ കയറുമ്പോൾ ചിലർ മറന്നു പോകുന്നു.
എതിർക്കുന്നവർക്ക് എപ്പോഴും നഷ്ടങ്ങൾ ഉണ്ടാകും. ഡോ. രജനീഷിന് ഇവർ ഭരിക്കും കാലം അവിടെനിന്ന് അർഹതപ്പെട്ട ഒന്നും തന്നെ ലഭിക്കില്ല. അത്രമാത്രം വ്യക്തിവിദ്വേഷകലി ബാധിച്ച പുഷ്‌ക്കരജന്മങ്ങൾ !
പക്ഷേ അറിവുള്ളവർ മിണ്ടാതിരിക്കരുത്. കാരണം വിമർശനം സ്ഥാപനത്തിനെതിരല്ല. കാര്യപ്രാപ്തിയില്ലെങ്കിലും അഹങ്കാരത്തിനു ഒട്ടും കുറവില്ലാത്ത അധികാരസ്ഥാനങ്ങൾക്കെതിരെയാണ്. ചില സന്ദർഭങ്ങളിൽ ചില കാര്യങ്ങൾ പറയുന്നത് സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പോക്കിന് നല്ലതാണെന്നാണു ഞാൻ വിചാരിക്കുന്നത്. മുന്നോട്ട് പോകുന്ന വണ്ടിലിരുന്നു ഇടയ്ക്കു പുറകിലേക്കുള്ള കണ്ണാടിയിൽ നോക്കാറില്ലെ? അപകടം കുറക്കാനാണത്!
(ലേഖകൻ കേരളകലാമണ്ഡലം മുൻ സെക്രട്ടറിയാണ്)











