09:24pm 24 June 2026
NEWS
അമിതാഭ് ബച്ചൻ റിയൽ എസ്റ്റേറ്റിലൂടെ മൂന്നു വർഷം കൊണ്ട് ലാഭമുണ്ടാക്കിയത് 52 കോടി രൂപ

24/01/2025  04:01 PM IST
nila
അമിതാഭ് ബച്ചൻ റിയൽ എസ്റ്റേറ്റിലൂടെ മൂന്നു വർഷം കൊണ്ട് ലാഭമുണ്ടാക്കിയത് 52 കോടി രൂപ

സിനിമയിൽ മാത്രമല്ല, റിയൽ എസ്റ്റേറ്റ് മേഖലയിലും അതികായനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. മൂന്നു വർഷം കൊണ്ട് അമിതാഭ് ബച്ചൻ റിയൽ എസ്റ്റേറ്റിൽ നേടിയത് 52 കോടി രൂപയുടെ ലാഭമാണ്. മുംബൈയിലെ ഓഷിവാരയിലെ  തന്റെ ഡ്യൂപ്ലക്സ് അപ്പാർട്ട്മെൻ്റ് 83 കോടി രൂപയ്ക്കാണ് അദ്ദേഹം വിറ്റത് എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇതിന്റെ ലാഭത്തിന്റെ കണക്കുകൾ അറിയുമ്പോഴാണ് ബി​ഗ് ബിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ മ​ഹത്വം നമുക്ക് മനസ്സിലാകു.

ഓഷിവാരയിലെ ക്രിസ്റ്റൽ ഗ്രൂപ്പിൻ്റെ പ്രീമിയം പ്രോജക്റ്റായ ദി അറ്റ്ലാന്റിസിലാണ് ഡ്യൂപ്ലക്സ് അപ്പാർട്ട്മെൻ്റ് സ്ഥിതി ചെയ്യുന്നത്. ഇതൊരു ലക്ഷ്വറി പ്രോജക്റ്റാണ്. 2021 ൽ 31 കോടി രൂപക്കാണ് ബച്ചൻ ഇത് സ്വന്തമാക്കിയത്. മൂന്നു വർഷത്തിന് ശേഷം ഇപ്പോൾ  83 കോടി രൂപയ്ക്ക് വിറ്റു. ഏകദേശം 168 ശതമാനം ലാഭമാണ് ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

2021 നവംബറിൽ നടി കൃതി സനോണിന് 10 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് ഈ അപ്പാ‍ർട്ട്മെൻ്റ് നൽകിയിരുന്നു. അന്ന് 60 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി ലഭിച്ചത്. മുംബൈയിലെ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇത്തരം പ്രോപ്പർട്ടികൾക്ക് ഉയർന്ന റെൻ്റൽ ഡിമാൻഡുമുണ്ട്.

ബച്ചൻ കുടുംബത്തിന് മുംബൈയിലുൾപ്പെടെ വിവിധ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ട്. 5,704 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ കെട്ടിടത്തിൽ ആറ് പാർക്കിംഗ് ഏരിയയുണ്ട്. 4,800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെറസാണ് മറ്റൊരു ആകർഷണം. മുംബൈയിലെ ഏറ്റവും തിരക്കേറിയ റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നിലാണ് ഈ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 4, 5, 6 മുറികളുള്ള ആഡംബര ‌ അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്. സെലിബ്രിറ്റികളുടെയും വിഐപികളുടെയും പ്രധാന നിക്ഷേപ കേന്ദ്രമാണിത്. 2025 ജനുവരി 17-ന് രജിസ്റ്റർ ചെയ്ത പ്രോപ്പ‍ർട്ടിക്ക് 4.98 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയിട്ടുണ്ട്. 30,000 രൂപ രജിസ്ട്രേഷൻ ഫീസും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img