
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാക്കാനുളള കേന്ദ്രമന്ത്രി അമിത് ഷായുടെ ലക്ഷ്യം ഇക്കുറിയും സധിച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൂലായ് 12-ന് മാരാർജി ഭവൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പുത്തരിക്കണ്ടം മൈതാനത്ത് നടന്ന വാർഡുതല നേതൃസംഗമത്തിൽ അമിത് ഷാ കേരളത്തിലെ ബിജെപിയുടെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. എല്ലാവാർഡുകളിലും മത്സരിക്കുക, പരമാവധി സീറ്റുകൾ നേടുക, വോട്ടുവിഹിതം 25% ആക്കുക—ഇവയായിരുന്നു അമിത് ഷായുടെ ലക്ഷ്യപ്രഖ്യാപനം. എന്നാൽ അന്തിമ കണക്കുകൾ പ്രകാരം എൻഡിഎയ്ക്ക് ലഭിച്ചത് 14.71% വോട്ടാണ്, ഇത് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ടിനെക്കാൾ കുറവാണ്.
കണക്കുകൾ പരിശോധിക്കുമ്പോൾ, 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 17.2%, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ 12.53%, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19.26% വോട്ടു ലഭിച്ചിരുന്നു. സംസ്ഥാനത്ത് ഇക്കുറി തെരഞ്ഞെടുപ്പ് നടന്ന 23,576 വാർഡുകളിൽ 10% വാർഡുകളിൽ സ്ഥാനാർഥികൾ നിർത്താൻ പാർട്ടിക്ക് സാധിച്ചില്ല.
തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണം പിടിച്ചെടുത്തതും നഗര മേഖലകളിൽ മുന്നേറ്റം രേഖപ്പെടുത്തിയതും പാർട്ടിയുടെ നേട്ടമായി വിലയിരുത്തുന്നു. സീറ്റ് നിലയിൽ, 2020-ൽ 1600 വാർഡുകളിൽ വിജയം നേടിയ എൻഡിഎ, ഇത്തവണ 1920 വാർഡുകളിൽ വിജയിച്ചു. ഇതിനെ സംസ്ഥാന നേതൃത്വം വലിയ നേട്ടമായി ആഘോഷിക്കുമ്പോഴും വോട്ട് ഷെയറിൽ സംഭവിക്കുന്ന ഇടിവ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
അതേസമയം, എൻഡിഎയുടെയും പിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാർഥികളുടെയും കണക്കുകൾ ചേർത്താൽ വോട്ടു വിഹിതത്തിൽ ചെറിയ വ്യത്യാസമുണ്ടാകുമെന്ന് വിലയിരുത്തുന്നു.











