11:16am 25 June 2026
NEWS
“ഞാൻ എന്തുപറയണമെന്ന് ആരും നിർദ്ദേശിക്കേണ്ടതില്ല”; ലോക്സഭയിൽ കൊമ്പുകോർത്ത് അമിത്ഷായും രാഹുൽ ​ഗാന്ധിയും
10/12/2025  06:31 PM IST
nila
“ഞാൻ എന്തുപറയണമെന്ന് ആരും നിർദ്ദേശിക്കേണ്ടതില്ല”; ലോക്സഭയിൽ കൊമ്പുകോർത്ത് അമിത്ഷായും രാഹുൽ ​ഗാന്ധിയും

ന്യൂഡൽഹി: വോട്ടർ പട്ടികയുടെ തീവ്രപരിഷ്‌കരണത്തിന്റെ പേരിൽ ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ കടുത്ത വാക്കുതർക്കം. എസ്ഐആറിനെ കുറിച്ച് നടന്ന ചർച്ചയ്ക്കിടെയാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്. എസ്‌ഐആറിനെക്കുറിച്ച് താൻ നടത്തിയ പത്രസമ്മേളനങ്ങളിൽ ഉയർത്തിയ ചോദ്യങ്ങൾക്ക്  മറുപടി നൽകാൻ അമിത് ഷായെ അദ്ദേഹം വെല്ലുവിളിച്ചു. എന്നാൽ, “ഞാൻ എന്തുപറയണമെന്ന് ആരും നിർദ്ദേശിക്കേണ്ടതില്ല,” എന്നായിരുന്നു അമിത് ഷായുടെ മറുപടി.

 നെഹ്‌റു കുടുംബത്തിനെതിരെയും അമിത് ഷാ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.  പാരമ്പര്യമായി ചില കുടുംബങ്ങൾ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി ജനാധിപത്യത്തെ തകർക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. എസ്‌ഐആർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി, തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നവരല്ലെന്നും കൂട്ടിച്ചേർത്തു. 

എസ്‌ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തുന്നത് യുക്തിയില്ലായ്മയാണെന്ന് വ്യക്തമാക്കിയാണ് അമിത് ഷാ തന്റെ പ്രസംഗം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിയിലുള്ള വിഷയമാണ് എസ്‌ഐആർ, കൂടാതെ കമ്മീഷൻ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ ഈ വിഷയത്തിൽ പാർലമെന്റിൽ ചോദ്യങ്ങൾ ഉയർത്തിയാലും അതിന് ആരാണു മറുപടി നൽകേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പ്രതിപക്ഷം ചർച്ച ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, ചർച്ചയിൽ നിന്ന് പിൻമാറുന്നുവെന്ന പ്രതീതി ഉണ്ടാകാതിരിക്കാൻ സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അമിത് ഷാ വ്യക്തമാക്കി. ഇതോടെ ലോക്‌സഭയിൽ രാഷ്ട്രീയ ചൂടേറിയ അന്തരീക്ഷമാണ് രൂപം കൊണ്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img