
നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ബിജെപി വാർഡ് തല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അധികാരം പിടിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത്.
പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണ്. എന്നാൽ, സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം എൽഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നൽകി. അക്രമവും അഴിമതിയും പ്രീണനവുമാണ് തിരികെ നൽകിയത്. കേരളത്തിൽ തഴച്ചുവളർന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സർക്കാരാണ്. പിഎഫ്ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരെടുത്തത്. മാറ്റം വേണമെങ്കിൽ ബിജെപിയെ വിജയിപ്പിക്കണം.











