
ന്യൂഡൽഹി: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഭാരതീയ ന്യായ സംഹിതയിലൂടെ കഴിഞ്ഞതായി അമിത് ഷാ പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ ഒരു വർഷത്തിനുള്ളിൽ ശിക്ഷാനിരക്കിൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസുകളിൽ മൂന്ന് വർഷത്തിനുള്ളിൽ നീതി ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിൽ ഒരുക്കിവരികയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് അഞ്ച് പതിറ്റാണ്ടായി നിലനിന്ന നക്സലിസത്തിന് സർക്കാർ അന്ത്യം കുറിച്ചെന്നും അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 14ൽ അധികം സമാധാന കരാറുകളിൽ ഒപ്പുവച്ചതായും 9,000ത്തിലധികം പേർ ആയുധം ഉപേക്ഷിച്ച് കീഴടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. വടക്കുകിഴക്കൻ മേഖലയെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
രാജ്യത്തേക്കുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിലും സർക്കാർ ശക്തമായ നടപടി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി രാജ്യത്തുനിന്ന് പുറത്താക്കും. ഭീകരവാദത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.











