01:27pm 11 May 2026
NEWS
യഡിയൂരപ്പയെ മുന്നിൽനിർത്തി കർണാടക തിരിച്ചുപിടിക്കാൻ അമിത് ഷായുടെ ആസൂത്രണം.
11/05/2026  10:52 AM IST
വിഷ്ണുമംഗലം കുമാർ
യഡിയൂരപ്പയെ മുന്നിൽനിർത്തി കർണാടക തിരിച്ചുപിടിക്കാൻ അമിത് ഷായുടെ ആസൂത്രണം

കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവർത്തനവുമാണ് ബിജെപിയുടെ വിജയരഹസ്യം. പാർട്ടിയിലെ രണ്ടാമനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ആണ് അതിന്റെ ആശാൻ. ബിജെപി നേടുന്ന ഓരോ വിജയത്തിന്റെയും പിന്നിൽ അദ്ദേഹത്തിന്റെ കൂർമ്മബുദ്ധിയുണ്ട്. അമിത് ഷായാണ് മമത ബാനർജിയെ തകർത്ത് പശ്ചിമ ബംഗാൾ പിടിക്കാൻ ബിജെപി തന്ത്രങ്ങൾക്ക് നേതൃത്വം നൽകിയത്. പുതിയ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത ശ്രദ്ധേയമായ ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം അമിത് ഷായും ഉണ്ടായിരുന്നു. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ആ സത്യപ്രതിജ്ഞാചടങ്ങിന് ശേഷം കൊൽക്കത്തയിൽ നിന്ന് അദ്ദേഹം നേരെ പോയത് കർണാടകത്തിലെ ചിത്രദുർഗ്ഗയിലേക്കായിരുന്നു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ യഡിയൂരപ്പയെ അനുമോദിക്കുന്ന ചടങ്ങിൽ പങ്കുകൊള്ളാനായിരുന്നു രാഷ്ട്രീയ ചാണക്യനായ അമിത്ഷായുടെ കർണാടക സന്ദർശനം. രാഷ്ട്രീയ പ്രവർത്തന ജീവിതത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ യഡിയൂരപ്പയെ അനുമോദിക്കാനും ആദരിക്കാനും ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് ചിത്രദുർഗ്ഗയിൽ അതിവിപുലമായ സമ്മേളനമൊരുക്കിയിരുന്നു. ദേശീയ നേതൃത്വത്തിന്റെ അശ്രദ്ധ കൊണ്ട് നഷ്ടപ്പെട്ടുപോയ കർണാടകം രണ്ടുവർഷത്തിനകം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ 83 കാരനായ യഡിയൂരപ്പയിലൂടെ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് അമിത് ഷാ മെനയുന്നത്. തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിയിച്ച മികച്ച സംഘാടകനും ജനപ്രിയ നേതാവുമാണ് യഡിയൂരപ്പ. 2008 ൽ കർണാടകത്തിലാണ് ആ മഹാത്ഭുതം നടന്നത്. അക്കാലത്തൊന്നും അമിത് ഷായോ നരേന്ദ്രമോദിയോ ബിജെപിയുടെ ദേശീയ നേതൃനിരയിൽ എത്തിയിട്ടില്ല. അമിത് ഷായുടെ ചില കൈപ്പിഴവുകളാണ് 2021 ൽ യഡിയൂരപ്പയ്‌ക്ക്
മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാനും 2023 ലെ തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയാനും കാരണം. പിന്നീടാണ് അമിത് ഷാ ആ പിഴവ് മനസ്സിലാക്കിയത്. അതുകൊണ്ട് അദ്ദേഹം യഡിയൂരപ്പയിലൂടെ കർണാടകം തിരിച്ചുപിടിക്കാൻ കരുക്കൾ നീക്കുന്നു. യഡിയൂരപ്പയുടെ മകൻ വിജയേന്ദ്രയെ ബിജെപിയുടെ കർണാടക സംസ്ഥാന അധ്യക്ഷനാക്കിയത് അമിത് ഷായാണ്. യഡിയൂരപ്പയെ അനുമോദിച്ച അഭിമാനോത്സവത്തിൽ അമിത് ഷാ ആയിരുന്നു മുഖ്യാതിഥി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും നിരവധി നേതാക്കളും മത പുരോഹിതന്മാരും സംബന്ധിച്ച ചടങ്ങിലേക്ക് യഡിയൂരപ്പയുടെ ലക്ഷക്കണക്കിന് ആരാധകരും ബിജെപി പ്രവർത്തകരും ഇരച്ചെത്തിയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img