
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന വാർഷിക ഒട്ടകയോട്ട മത്സരങ്ങൾക്ക് (Emir’s Sword Camel Festival) ഷഹാനിയ റേസ്‌കോഴ്സ് വേദിയാകുന്നു. ഏപ്രിൽ 18 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഖത്തറിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ഒട്ടകങ്ങൾ അണിനിരക്കും.സീസണിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഈ മേളയിൽ പാരമ്പര്യ തനിമ നിലനിർത്തുന്നതിനായി 4 ഹെറിറ്റേജ് റേസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തർ പൗരന്മാർക്കും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കുമായി പ്രത്യേക വിഭാഗങ്ങളിലായാണ് ഇവ നടക്കുക.മേളയുടെ അവസാന രണ്ട് ദിവസങ്ങളിലായ ഏപ്രിൽ 29നും 30 നുമാണ് ഏറ്റവും വാശിയേറിയ പോരാട്ടങ്ങൾ നടക്കുന്നത്.ഏപ്രിൽ 29 ന് ഗോത്രവർഗ്ഗക്കാരുടെ ഒട്ടകമത്സ്രരമായ 'ഓപ്പൺ അൽ-ഹെയ്ൽ' വിഭാഗത്തിൽ വിജയിക്കുന്നവർക്ക് 50 ലക്ഷം (5 Million) ഖത്തർ റിയാലും വെള്ളി വാളും സമ്മാനമായി ലഭിക്കും.
ഏപ്രിൽ 30 ന് ശൈഖുമാരുടെ ഒട്ടകങ്ങൾ മാറ്റുരയ്ക്കുന്ന സമാപനമത്സരമായ 'ഓപ്പൺ ഫീമെയിൽ കാമൽ' വിഭാഗത്തിലെ ജേതാക്കൾക്ക് 20 ലക്ഷം റിയാലും സ്വർണ്ണ വാളും നൽകി ആദരിക്കും.അറബ് സംസ്കാരത്തിന്റെ ഭാഗമായ ഒട്ടകയോട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വരുംതലമുറയ്ക്ക് ഈ പാരമ്പര്യം പകർന്നുനൽകുന്നതിനുമായി രാജ്യം ഒരുക്കുന്ന ഏറ്റവും വലിയ മേളയാണിത്.











