
ദോഹ/അന്റാലിയ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ശരീഫ് എന്നിവർ അന്റാലിയയിൽ സംയുക്ത കൂടിക്കാഴ്ച നടത്തി. 'അന്റാലിയ ഡിപ്ലോമസി ഫോറം 2026'-ന്റെ ഭാഗമായായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച.
മിഡിൽ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങളും പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും നേതാക്കൾ അവലോകനം ചെയ്തു.
സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഊന്നൽ നൽകാൻ യോഗം തീരുമാനിച്ചു.മേഖലയിലെ സമാധാനശ്രമങ്ങളിൽ പാകിസ്താൻ പ്രധാനമന്ത്രി നടത്തുന്ന ഇടപെടലുകളെ അമീറും തുർക്കി പ്രസിഡന്റും പ്രശംസിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
പൊതുവായ താൽപ്പര്യമുള്ള വിഷയങ്ങളിൽ വരുംദിവസങ്ങളിലും ഏകോപനം തുടരേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ചർച്ച ചെയ്തു. വെല്ലുവിളികളെ ഒത്തൊരുമിച്ച് നേരിടുന്നത് അന്താരാഷ്ട്ര തലത്തിൽ സ്ഥിരത ഉറപ്പാക്കാൻ സഹായിക്കുമെന്ന് യോഗം വിലയിരുത്തി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി, അമീരി ദിവാൻ മേധാവി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി എന്നിവരും തുർക്കി, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.










