
ദോഹ: ഖത്തറിലെ ഏറ്റവും പ്രാധാന്യമേറിയ ഫുട്ബോൾ ടൂർണമെന്റായ അമീർ കപ്പിന്റെ (Emir Cup 2026) 54-ാം പതിപ്പിന് നാളെ (വ്യാഴം) തുടക്കമാകും. നാല് ദിവസങ്ങളിലായി നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ ഖത്തർ ലീഗിലെ പ്രമുഖ ക്ലബ്ബുകൾ ഉൾപ്പെടെ 16 ടീമുകളാണ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് അണിനിരക്കുന്നത്.
സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കരുത്തരായ അൽ ദുഹൈൽ രണ്ടാം ഡിവിഷനിൽ നിന്ന് യോഗ്യത നേടിയ അൽ വഅബിനെ നേരിടും.കന്നി കിരീടം ലക്ഷ്യമിടുന്ന അൽ വക്രയും ഈ സീസണിൽ ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തിയ അൽ സൈലിയയും തമ്മിൽ ഹമദ് ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.മുൻ ജേതാക്കളായ ഖത്തർ എസ്‌സി അൽ ഷമാലിനെയും, ഒമ്പത് തവണ കിരീടം നേടിയ അൽ അറബി അൽ ഷഹാനിയയെയും നേരിടും. ഈ സീസണിലെ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന അൽ ഷമാൽ ഖത്തർ എസ്‌സിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കരുതപ്പെടുന്നത്.lകഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ അൽ ഗറാഫ കിരീടം നിലനിർത്താനുള്ള പോരാട്ടം ആരംഭിക്കും. രണ്ടാം ഡിവിഷനിൽ നിന്നുള്ള അൽ ഖരൈത്തിയാത്താണ് അവരുടെ എതിരാളികൾ.കഴിഞ്ഞ സീസണിലെ ലീഗ് റാങ്കിംഗും പ്രിലിമിനറി ഘട്ടത്തിലെ പ്രകടനവും അടിസ്ഥാനമാക്കിയാണ് ടീമുകളെ പ്രീക്വാർട്ടറിലേക്ക് തിരഞ്ഞെടുത്തത്.











