
ദോഹ: അമീർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വമ്പൻ വിജയങ്ങളോടെ അൽ വക്രയും അൽ ദുഹൈലും സെമി ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ അൽ വക്ര എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ റയാനെ പരാജയപ്പെടുത്തിയപ്പോൾ, അൽ അറബിക്കെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയമാണ് അൽ ദുഹൈൽ സ്വന്തമാക്കിയത്.അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ലൂക്കാസ് മെൻഡസ് (19-ാം മിനിറ്റ്), അമിൻ സൂസൂ (76-ാം മിനിറ്റ്), ഗെൽസൺ ദാല (81-ാം മിനിറ്റ്) എന്നിവരാണ് അൽ വക്രയ്ക്കായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ അൽ റയാൻ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അൽ വക്രയുടെ പ്രതിരോധവും ഗോൾകീപ്പർ മുഹമ്മദ് അൽ ബക്രിയുടെ മികച്ച പ്രകടനവും അവർക്ക് തടസ്സമായി. ലൂക്കാസ് മെൻഡസിന്റെ മനോഹരമായ ഫ്രീ കിക്ക് ഗോളിലൂടെ മുന്നിലെത്തിയ അൽ വക്ര, രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി വിജയം ഉറപ്പിക്കുകയായിരുന്നു. അൽ ഗറാഫ - ഉം സലാൽ മത്സരത്തിലെ വിജയികളെയാണ് അൽ വക്ര സെമിയിൽ നേരിടുക.ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് അൽ ദുഹൈൽ അൽ അറബിയെ തകർത്തുവിട്ടത്. പോളിഷ് താരം ക്രിസ്റ്റോഫ് പിയാറ്റെക് ഇരട്ട ഗോളുകളുമായി (8, 18 മിനിറ്റുകൾ) തിളങ്ങി. ബെഞ്ചമിൻ ബൗറിഗൗഡ് (51-ാം മിനിറ്റ്), തഹ്‌സീൻ മുഹമ്മദ് (89-ാം മിനിറ്റ്) എന്നിവരാണ് മറ്റ് സ്കോറർമാർ. തുടക്കം മുതൽ ആക്രമിച്ചു കളിച്ച അൽ ദുഹൈൽ, ക്രിസ്റ്റോഫ് പിയാറ്റെക്കിന്റെ ഗോളുകളിലൂടെ ആദ്യ പകുതിയിൽ തന്നെ വ്യക്തമായ ആധിപത്യം നേടിയിരുന്നു. അൽ സദ്ദ് - അൽ ഷമാൽ മത്സരത്തിലെ വിജയികളായിരിക്കും സെമിയിൽ അൽ ദുഹൈലിന്റെ എതിരാളികൾ.
അമീർ കപ്പിന്റെ 54-ാം എഡിഷനിൽ കിരീടം ലക്ഷ്യമിട്ടുള്ള പോരാട്ടത്തിൽ ഈ വലിയ വിജയങ്ങൾ ഇരു ടീമുകൾക്കും വലിയ ആത്മവിശ്വാസം നൽകും.










