
ബോളിവുഡ് താരം ആമിർ ഖാനും മുൻ ഭാര്യമാരും താരത്തിന്റെ ഇപ്പോഴത്തെ പ്രണയിനി ഗൗരി സ്പ്രാറ്റും ഒന്നിച്ചുള്ള ദൃശ്യങ്ങളാണ് സൈബർ ലോകത്ത് ഇപ്പോൾ വൈറലാകുന്നത്. ആമിർഖാന്റെ മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവർക്കൊപ്പം ഗൗരി സ്പ്രാറ്റും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ വിവാഹ വാർഷികാഘോഷത്തിലാണ് ഒരുമിച്ച് പങ്കെടുത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഫെബ്രുവരിയിൽ ഇർഫാൻ ഖാൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ ആമിറിന്റെ പുതിയ പ്രണയിനിയെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് വൈറലാകുന്നത്.
ആമിർ ഖാൻ തന്റെ പുതിയ പ്രണയിനിയെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത് തന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടെയാണ്. ബെംഗളൂരു സ്വദേശിയായ ഗൗരി നിലവിൽ ആമിർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 25 വർഷത്തിലേറെയായി തനിക്ക് ഗൗരിയെ അറിയാം. ഒരു വർഷമായി അവരുമായി പ്രണയത്തിലാണെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. മുംബൈയിൽ തന്റെ 60-ാം പിറന്നാൾ ആഘോഷത്തിനിടെയാണ് പ്രണയവിവരം അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചത്.
റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986-ൽ വിവാഹിതരായ ഇവർ 2002-ൽ വേർപിരിഞ്ഞു. ഇവർക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ൽ ലഗാന്റെ സെറ്റിൽ വച്ചാണ് സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന കിരൺ റാവുവിനെ ആമീർ പരിചയപ്പെടുന്നത്. 2005-ൽ ഇവർ വിവാഹിതരായി. ഇരുവർക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ൽ ആമീറും കിരണും വേർപിരിയുകയായിരുന്നു.