12:25am 07 November 2026
NEWS
അമേരിക്കൻ-സിറിയൻ ബാന്ധവം: അശാറയെ ട്രംപ് വിശുദ്ധനാക്കിയോ?
07/06/2025  07:54 PM IST
കല്ലമ്പലം അൻസാരി
അമേരിക്കൻ-സിറിയൻ ബാന്ധവം: അശാറയെ ട്രംപ് വിശുദ്ധനാക്കിയോ?
HIGHLIGHTS

1 കോടി യു.എസ് ഡോളറാണ് ഈ പഴയ അൽ ക്വയിദ നേതാവിന്റെ തലയ്ക്ക് അമേരിക്ക വില പറഞ്ഞിരുന്നത്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, സിറിയൻ പ്രസിഡന്റ് അഹമ്മദ് അശാറയും തമ്മിൽ കൂടിക്കാഴ്ച നടത്തി. റിയാദിൽ അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കാർമ്മികത്വത്തിലായിരുന്നു ഇരുവരുടേയും ഒത്തുചേരൽ. ഏതാണ്ട് രണ്ടര പതിറ്റാണ്ട് മുൻപാണ് ഒരു യു.എസ് പ്രസിഡന്റും സിറിയൻ രാഷ്ട്രത്തലവനുമായി അവസാന കൂടിക്കാഴ്ച നടന്നത്. അത് ബിൽക്ലിന്റനും പ്രസിഡന്റ് ഹഫിസ് അസദും തമ്മിലായിരുന്നു. ചരിത്രത്തിന്റെ രസകരമായ ഒരു വഴിത്തിരിവാണ് ലോകം റിയാദിൽ കണ്ടത്. ഏതാനും മാസങ്ങൾക്ക് മുൻപുവരെ ഒരു കോടി യു.എസ് ഡോളർ അമേരിക്ക തലയ്ക്ക് വില പറഞ്ഞിരുന്ന അബു മുഹമ്മദ് അൽജൂലാനി എന്ന പഴയ അൽക്വയിദ നേതാവാണ് അശാറ എന്ന പേരുമായി യൂറോപ്യൻ കോട്ടും സ്യൂട്ടും ടൈയുമൊക്കെ അണിഞ്ഞ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ആ പഴയകാലത്തിന്റെ ജാള്യതയിലായിരിക്കണം ട്രംപിന് അധികം മുഖം കൊടുക്കാതെ അശാറ ശിരസ് കുനിച്ച് കൂടിക്കാഴ്ചയിൽ ഇരുന്നിരുന്നത്.

മുൻപ് സോവിയറ്റ് വിരോധത്തിന്റെ പേരിൽ താലിബാനെയും, അൽക്വയിദയെയും അഫ്ഗാനിസ്ഥാനിൽ വളർത്തിയെടുത്ത് സ്വയം തിരിച്ചടി വാങ്ങിയ അമേരിക്കയുടെ നയത്തിൽ നിന്ന് ഒട്ടും പുതിയതല്ല ട്രംപിന്റെ സിറിയൻ പ്രീണനവും. ഇന്ന് സോവിയറ്റ് യൂണിയന് പകരം എതിർപക്ഷത്ത് സിറിയയിലെ അസദുമാരാണ്. സൗദി അറേബ്യയാണ് അശായെ വേഷം കെട്ടിച്ച് ട്രംപിന് മുന്നിലെത്തിച്ചത്. തുടർക്കിയും ഇതിന് പിന്നിലുണ്ട്. മദ്ധ്യേഷ്യയിലെ കേമൻ ആരെന്ന പുതിയ മത്സരത്തിലാണ് സൗദിയും, തുർക്കിയുമെങ്കിലും മുഹമ്മദ് അശാറയുടെ കാര്യത്തിൽ ഇരുവരും ഒരേ തൂവൽപക്ഷികളാണ്. ലോക മുസ്ലീം രാഷ്ട്രങ്ങളുടെ നേതൃത്വം സ്വന്തമാക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കച്ചകെട്ടുമ്പോൾ പ്രധാന എതിരാളിയായി രംഗത്തുള്ളത് തുർക്കി പ്രസിഡന്റ് തയിപ് എർദോഗനാണ്. സമ്പന്ന അറബ് രാഷ്ട്രങ്ങൾ എർദോഗന്റെ വലയിൽ വീഴാത്തതുകൊണ്ടാണ് അദ്ദേഹം പാകിസ്ഥാനെപ്പോലെ കടം കയറി മുടിഞ്ഞ നാടുകളെ പാട്ടിലാക്കാൻ ഏത് വിധേനയും ശ്രമിക്കുന്നത്. അങ്ങനെ പരസ്പരം ചേരിതിരിഞ്ഞ് സ്വന്തം സഖ്യത്തിന് വേണ്ടി നിൽക്കുമ്പോഴും സൗദി അറേബ്യക്കും തുർക്കിക്കും തുല്യ ശത്രു ഇറാനാണ്. ആ ഇറാന്റെ പ്രധാന മിത്രമായ സിറിയയെയാണ് ബഷർ അൽ അസദിനെ അട്ടിമറിച്ചുകൊണ്ട് സൗദി അറേബ്യ തങ്ങളുടെ പക്ഷത്തേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്.

സൗദിയും ഇറാനും ഇസ്ലാം മത രാഷ്ട്രങ്ങളാണ്. പക്ഷേ അതിനുള്ളിലെ ജാതിഭിന്നതയാണ് ഇരുവരെയും ശത്രുക്കളാക്കുന്നത്. സൗദി സുന്നികളും, ഇറാൻ ഷിയാകളുമാണ്. അതിലുപരി വംശീയപരമായും, സാംസ്‌ക്കാരികപരമായും ഇരുവരും വ്യത്യസ്ത ധ്രുവങ്ങളിലുമാണ്. സൗദികൾ സെമറ്റിക് അറബ് ഗോത്ര വംശജരാണ്. ഇറാൻ ആര്യവംശജരും. രണ്ടുപേരും തുർക്കികളും സുന്നികളുമാണ്. എർദോഗൻ പഴയ ഖിലാഫത്തിന്റെ ലഹരിയിലാണ്. ആ കാലം വീണ്ടെടുക്കാൻ അയാൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും മുഹമ്മദ് ബിൻ സൽമാൻ തന്റെ യൗവ്വനത്തിന്റെ ശക്തിയിൽ മദ്ധ്യേഷ്യയിൽ ശക്തനാകാനുള്ള പുതിയ യജ്ഞത്തിലാണ്.

ട്രംപും അശാറയും തമ്മിൽ 57 മിനിട്ട് നീണ്ട കൂടിക്കാഴ്ച നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ അമേരിക്കയുടെ പതിറ്റാണ്ടുകൾ പിന്നിട്ട സിറിയൻ സാമ്പത്തിക ഉപരോധങ്ങൾ ട്രംപ് പിൻവലിച്ചു. അതിനുമുൻപ് കഴിഞ്ഞ ഡിസംബറിൽ അശാറയുടെ തലയ്ക്ക് ഒരു കോടി ഡോളർ വിലപറഞ്ഞിരുന്ന അമേരിക്ക അതും പിൻവലിച്ചിരുന്നു. സൗദി രാജകുടുംബത്തിന്റെ ആഡംബര കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ സൽമാൻ തന്നെയായിരുന്നു സകലതിനും ചുക്കാൻ പിടിച്ചത്. എർദോഗൻ ടെലിഫോണിലൂടെ കൂടിക്കാഴ്ചയിൽ പങ്കാളിയായി. എന്നാൽ തുർക്കിയെ കടത്തിവെട്ടിയാണ് സൗദി അറേബ്യ അശാറയെ പാട്ടിലാക്കുന്നത്. സിറിയയ്ക്ക് ഇന്നുവരെ ലോകബാങ്കിൽ അടച്ചുതീർക്കാനുണ്ടായിരുന്ന എല്ലാകടങ്ങളും സൗദി അറേബ്യ കൊടുത്തുതീർത്തു. സിറിയയുടെ വികസനത്തിന് വൻതുകകൾ കൊടുക്കാമെന്ന വാഗ്ദാനവും സൗദി നൽകിയിട്ടുണ്ട്. 

അഹമ്മദ് അശാറയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപ് അശാറയെക്കുറിച്ച് പ്രതികരിച്ചത് 'അയാൾ മിടുക്കനും കരുത്തുറ്റ ഒരു കാലത്തിന്റെ ഉടമയും' ആണെന്നാണ്. അശാറയുടെ ചരിത്രം നോക്കിയാൽ ട്രംപിന്റെ പരാമർശത്തിന് വലിയ അർത്ഥതലങ്ങളുണ്ട്. ഡമാസ്‌ക്കസിലെ സുന്നി മുസ്ലീം കുടുംബത്തിൽ ജനിച്ച അശാറ അൽക്വയിദയിൽ ആകൃഷ്ടനായി ഇറാക്കിലെ കലാപത്തിൽ അൽക്വയിദയിൽ അണിചേർന്നു. 2006 ൽ അമേരിക്കൻ സൈന്യം അയാളെ പിടികൂടി ജയിലിലടച്ചു. അന്ന് അൽക്വയിദ നേതാവ് അബു മുസാബ് അൽസർഖാവിയുടെ അടുത്ത അനുയായി ആയിരുന്നു അശാറ. അഞ്ചുകൊല്ലം ജയിലിലായിരുന്ന അയാൾ വിദേശപോരാളി അല്ലെന്ന് വരുത്തിത്തീർക്കാനാണ് ജയിലിൽ നിന്ന് മോചനം നേടിയത്. ഇറാക്കിലെ അമേരിക്കൻ അധിനിവേശം ഒഴിഞ്ഞതോടെ അശാറ സിറിയയിലേക്ക് മടങ്ങിയത് അൽക്വയിദയുടെ മറ്റൊരു ദൗത്യവുമായാണ്. ബഷർ അൽ അസദിനെ പുറത്താക്കി സിറിയയുടെ അധികാരം പിടിച്ചെടുക്കാൻ അൽക്വയിദ നേതാവ് അയ്മാൻ അൽ സവാഹിരി അശാറയെ ചുമതലപ്പെടുത്തി. 

അൽക്വയിദയുടെ കീഴിൽ ഇസ്ലാമിക തീവ്രവാദികളുടെ വിശാലസഖ്യമായ അൻനുസ്ര ഫണ്ട് സ്ഥാപിച്ചുകൊണ്ടാണ് ഇന്നത്തെ അശാറയായ അന്നത്തെ അബു മുഹമ്മദ് അൽജൂലാനി സിറിയയിൽ കലാപത്തിന് നേതൃത്വം കൊടുത്തത്. ആ പോരാട്ടത്തിൽ ഇസ്ലാമിക് സ്റ്റേറ്റും (ഐ.എസ്) അശാറയുടെ പങ്കാളികളായി. ഇവരെല്ലാം കൂടി അണിചേർന്ന് ബഷർ അൽ അസദിനെതിരെ പോരാട്ടം നയിക്കുമ്പോഴും നിരപരാധികളായ സിറിയൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നിരന്തരമായ അക്രമങ്ങളാണ് അശാറ അഴിച്ചുവിട്ടത്. ക്രിസ്ത്യൻ, അസദിന്റെ ഗോത്രമായ അൽവൈറ്റ്, ഷിയ, ഡ്രൂസ് എന്നീ ന്യൂനപക്ഷങ്ങൾക്കെതിരെ വലിയ കുറ്റകൃത്യങ്ങൾക്കാണ് അശാറ നേതൃത്വം കൊടുത്തത്. ബോംബാക്രമണങ്ങൾ, ചാവേർ ആക്രമണങ്ങൾ, കൂട്ടക്കൊലകൾ എന്നിവയുടെ ഒരു നീണ്ടപട്ടിക തന്നെ അശാറയുടെ യുദ്ധകുറ്റകൃത്യങ്ങളിലുണ്ട്. ആ ചരിത്രമൊക്കെ ട്രംപ് അപ്പാടെ മറന്നുകൊണ്ടാണ് സൗദിയുടെ സമ്മർദ്ദത്തിൽ അശാറയ്ക്ക് കൈകൊടുത്തത്.

അശാറയുമായി ട്രംപ് സന്ധിചേരുമ്പോഴും ഇസ്രായേലുമായുള്ള ബന്ധം ഒരു വലിയ കടമ്പയായി തന്നെ നിലനിൽക്കുന്നുണ്ട്. ഇസ്രായേലുമായി സൗഹൃദബന്ധം സ്ഥാപിച്ച് മുന്നോട്ടുപോകണമെന്ന് അശാറയോട് ട്രംപ് നിർദ്ദേശിച്ചത് അശാറയെത്തന്നെ വെട്ടിലാക്കിയിട്ടുണ്ട്. ട്രംപിന്റെ നേതൃത്വത്തിൽ ഏതാനും ചില അറബ് രാജ്യങ്ങളും, ഇസ്രായേലും തമ്മിൽ ഒപ്പിട്ട 'എബ്രഹാം അക്കോർഡ്‌സ്'ലെ നിർദ്ദേശങ്ങൾ സിറിയയും സ്വീകരിക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചിട്ടുണ്ട്. യു.എ.ഇ, ബഹറൈൻ, മൊറാക്കോ തുടങ്ങിയ അറബ് രാജ്യങ്ങളും ഇസ്രായേലുമാണ് ഈ ഉടമ്പടിയിലെ കക്ഷികൾ. സിറിയയുടെ ഗോലാൻകുന്നുകൾ ഇസ്രായേൽ കൈവശപ്പെടുത്തി അധീനതയിൽ വച്ചിരിക്കുന്ന അവസ്ഥയിൽ അശാറയ്ക്ക് അത്ര പെട്ടെന്ന് അയഞ്ഞുകൊടുക്കാൻ കഴിയില്ല. അതിലുപരി തീപിടിച്ച അറബ് ജൂത വിരോധത്തിന്റെ വക്താവായിരുന്ന അശാറയ്ക്ക് അതെല്ലാം എത്ര പെട്ടെന്ന് വിഴുങ്ങാൻ കഴിയുമെന്ന് കണ്ടറിയണം. ഇസ്രയേലിനെതിരെ കടുത്ത ഇസ്ലാമികരോഷം നിലനിൽക്കുന്ന ആനുകാലിക അന്തരീക്ഷവും അശാറയെ വെട്ടിലാക്കുന്നുണ്ട്.

അശാറ വഴി സിറിയ അമേരിക്കൻ പക്ഷത്തേക്ക് ചായുമ്പോൾ ബലഹീനമാകുന്നത് ഇറാന്റെ ശക്തിയാണ്. ട്രംപിന്റെ നീക്കങ്ങൾ അറബ് മേഖലയിൽ ഇറാനെ ഏതാണ്ട് ഒറ്റപ്പെടുത്തിയ നിലയിലാക്കിയിട്ടുണ്ട്. കടുത്ത അന്താരാഷ്ട്ര സമ്മർദ്ദമാണ് ഇറാന്റെ  മേലുള്ളത്. അണുവായുധ പരീക്ഷണങ്ങളിൽ അമേരിക്കയുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങി സന്ധിവെച്ചാൽ ഇറാൻ നിർബന്ധിതമാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇറാനും അമേരിക്കയുമായുള്ള ചർച്ചകൾക്ക് പുരോഗതി ഉണ്ടെന്നാണ് സൂചനകൾ. കാത്തിരുന്ന് കാണാവുന്ന ഒട്ടനവധി ചരിത്രമുഹൂർത്തങ്ങളിലേക്കാണ് മദ്ധ്യേഷ്യൻ രാഷ്ട്രീയം അടിവച്ച് നീങ്ങുന്നത് എന്ന് നമുക്ക് തീർച്ചയായും ഉറപ്പിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img