
വാഷിംഗ്ടൺ: ഇസ്രയേൽ - ഗമാസ് യുദ്ധത്തിന് താത്ക്കാലിക വിരാമം. ഗാസയിൽ ഞയറാഴ്ച്ച മുതൽ വെടിനിർത്തൽ കരാർ നിലവിൽ വരും. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനാണ് ഇസ്രായേൽ - ഹമാസ് സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണ് സമാധാന കരാറെന്നും ഇത് നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ 42 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായത്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക.
ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. ഇത് ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. ഗാസയിൽ വെടി നിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.











