12:16am 30 October 2026
NEWS
ചൈനയിൽ പട്ടാള അട്ടിമറിക്ക് അമേരിക്കൻ ഇടപെടൽ; ചൈനയുടെ ആണവായുധ രഹസ്യങ്ങൾ അമേരിക്കക്ക് കൈമാറിയത് ഷി ജിൻപിങ്ങിന്റെ വിശ്വസ്തനോ?
27/01/2026  06:22 AM IST
nila
ചൈനയിൽ പട്ടാള അട്ടിമറിക്ക് അമേരിക്കൻ ഇടപെടൽ; ചൈനയുടെ ആണവായുധ രഹസ്യങ്ങൾ അമേരിക്കക്ക് കൈമാറിയത് ഷി ജിൻപിങ്ങിന്റെ വിശ്വസ്തനോ?

ചൈനീസ് സൈന്യത്തിൽ വീണ്ടും ഉന്നതതല അഴിച്ചുപണി നടത്തിയതോടെ ലോകമെമ്പാടും പുതിയ ചർച്ചകൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളായി കരുതപ്പെട്ടിരുന്ന സെൻട്രൽ മിലിറ്ററി കമ്മീഷൻ വൈസ് ചെയർമാൻ ജനറൽ ഴാങ് യൗക്സിയയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഉള്ളറകളിൽ ഗുരുതരമായ അസ്വസ്ഥതകൾ നിലനിൽക്കുന്നുവെന്ന സൂചനയായി വിലയിരുത്തപ്പെടുന്നു. “അച്ചടക്ക ലംഘനവും നിയമവിരുദ്ധ പ്രവർത്തനങ്ങളും” നടത്തിയെന്നാരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും, പുറത്തുവരുന്ന റിപ്പോർട്ടുകൾ ആരോപണങ്ങളുടെ ഗുരുതരം അതിലപ്പുറമാണെന്ന് വ്യക്തമാക്കുന്നു. 

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാൻ അമേരിക്ക ഇടപെടൽ നടത്തി എന്നതുൾപ്പെടെയുള്ള സധ്യതകളിലേക്കാണ് ചൈനീസ് സൈന്യത്തിലെ പുതിയ സംഭവ വികാസങ്ങൾ വിരൽചൂണ്ടുന്നത്. ചൈനയുടെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക സാങ്കേതിക വിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറിയെന്നാണ് ആരോപണം. ഇത് ബീജിംഗിന് മാത്രമല്ല ആഗോള സുരക്ഷാ വ്യവസ്ഥയ്ക്കുതന്നെ ആശങ്ക സൃഷ്ടിക്കുന്ന ആരോപണമാണ് എന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ ‘കോർ ന്യൂക്ലിയർ ടെക്നിക്കൽ ഡാറ്റ’ ചോർത്തി നൽകിയെന്ന ആരോപണം വളരെ ഗൗരവമുള്ളതാണെങ്കിലും, ഇതിന്റെ പ്രായോഗിക സാധ്യതയെ കുറിച്ച് വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു. കർശനമായ സുരക്ഷാ സംവിധാനങ്ങൾ നിലനിൽക്കുന്ന ആണവ പദ്ധതികളിൽ ഒരാൾക്ക് മാത്രമായി വിവരങ്ങൾ കൈമാറാൻ സാധിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫെല്ലോ നീൽ തോമസ് ഉൾപ്പെടെയുള്ള പാശ്ചാത്യ നിരീക്ഷകർ, ഈ അന്വേഷണം ഷി ജിൻപിങ്ങിന്റെ അധികാരം കൂടുതൽ ഉറപ്പിക്കുന്നതിനായുള്ള രാഷ്ട്രീയ നീക്കമായിരിക്കാമെന്ന വിലയിരുത്തലും മുന്നോട്ടുവയ്ക്കുന്നു. സൈന്യത്തിനുള്ളിലെ പഴയ അധികാര കേന്ദ്രങ്ങളെ പൂർണമായി തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

ചൈന-വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത വെറ്ററനും, സൈനീസ് സൈന്യത്തിലെ ഏറ്റവും മുതിർന്ന യൂണിഫോംഡ് ഓഫീസറുമായ ഴാങ് യൗക്സിയ, ഷി ജിൻപിങ്ങിന്റെ വിശ്വസ്ത വൃത്തത്തിൽ പെട്ട വ്യക്തിയായിരുന്നു. അത്തരമൊരു നേതാവിനെ അന്വേഷണവലയത്തിലാക്കുന്നത്, ചൈനീസ് സൈന്യത്തിലെ ആഭ്യന്തര ഐക്യത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇതോടെ ചൈനയിൽ സൈനിക അട്ടിമറി ശ്രമം നടന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നെങ്കിലും, അവയ്ക്ക് വിശ്വസനീയമായ തെളിവുകളില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ, ഇത്തരം അഭ്യൂഹങ്ങൾ തന്നെ സൈനിക നേതൃത്വത്തിലെ അനിശ്ചിതത്വം എത്രത്തോളം ആഴമുള്ളതാണെന്ന് സൂചിപ്പിക്കുന്നു.

തുടർച്ചയായ ‘ശുദ്ധീകരണം’

മുൻ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ പുറത്താക്കിയതിന് പിന്നാലെ, സൈന്യത്തിലെ രണ്ടാമനായി കണക്കാക്കപ്പെട്ടിരുന്ന ഴാങിനെതിരെയും നടപടി വരുന്നത്, ഷി ജിൻപിങ് 2023 മുതൽ ആരംഭിച്ച വ്യാപക ‘ശുദ്ധീകരണ’ നീക്കങ്ങളുടെ തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 50-ഓളം മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ അഴിമതിയുടെ പേരിൽ നീക്കം ചെയ്തിട്ടുണ്ട്. ഇത് അഴിമതിക്കെതിരായ യഥാർത്ഥ പോരാട്ടമാണോ, അതോ യുദ്ധസജ്ജീകരണങ്ങളുടെ ഭാഗമായി പൂർണമായ വിശ്വസ്തത ഉറപ്പാക്കാനുള്ള നീക്കമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇന്ത്യയുടെ ആശങ്കകൾ

ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ (LAC) സൈനിക നീക്കങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയാണ് ജനറൽ ഴാങ്. അദ്ദേഹത്തിന്റെ പുറത്താകൽ, ഇന്ത്യ-ചൈന അതിർത്തിയിലെ നയങ്ങളിൽ മാറ്റം വരുത്തുമോ എന്നത് ഡൽഹി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ചരിത്രപരമായി, ചൈനീസ് സൈനിക നേതൃത്വത്തിലെ അസ്ഥിരത പലപ്പോഴും അതിർത്തി മേഖലകളിൽ പ്രകോപനങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന ശക്തമായി ഇടപെടുന്ന സാഹചര്യത്തിൽ, ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തിലുണ്ടാകുന്ന മാറ്റങ്ങൾ മേഖലാതല സുരക്ഷാ സമവാക്യങ്ങളെ ബാധിക്കാനുള്ള സാധ്യതയും നിസ്സാരമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img